കൊച്ചി: പൊലീസ് കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനുള്ളിൽ ആളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരിക്കണമെന്ന് ഹൈക്കോടതി. അതല്ലാതെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമുള്ള 24 മണിക്കൂർ അല്ല കണക്കാക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
പൊലീസ് പിടികൂടിയ ഒരാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയം ആരംഭിക്കുന്നത് ആ വ്യക്തിയെ കസ്റ്റഡിയിലെടുത്തതോ അയാളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയതോ ആയ സമയം മുതലാണ്. അല്ലാതെ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല. അന്വേഷണത്തിന്റെ മറവിൽ, അറസ്റ്റ് രേഖപ്പെടുത്താതിരിക്കുന്ന രീതിയാണ് പലപ്പോഴും ഉപയോഗിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
അനിയന്ത്രിതമായ അധികാരത്തിന്റെ ഈ കാലഘട്ടങ്ങളിലാണ് സാധാരണയായി പൊലീസ് ക്രൂരതകൾ സംഭവിക്കുന്നത്. പരിശോധനയില്ലെങ്കിൽ, രേഖപ്പെടുത്താത്ത അത്തരം കസ്റ്റഡി കാലയളവുകൾ മനുഷ്യാവകാശ ലംഘനങ്ങൾക്ക് കാരണമാകുമെന്ന് ഹൈക്കോടതി പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട ആളെ അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ തൊട്ടടുത്ത മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്ട്രേറ്റിന്റെ കോടതിയിൽ എത്താൻ ആവശ്യമായ സമയം ഒഴികെ, മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ ആ സമയപരിധിക്കപ്പുറം തടങ്കലിൽ വയ്ക്കരുതെന്ന് കർശനമായ വിലക്കുണ്ട്. മയക്കുമരുന്ന് കേസിൽ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശി ബിശ്വജിത് മണ്ഡലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ സുപ്രധാന നിർദേശം.
നിയമം ലംഘിച്ച് തന്നെ 24 മണിക്കൂർ പൊലീസ് കസ്റ്റഡിയിൽ വെച്ചെന്നും, ഇത് ഭരണഘടനാപരവും നിയമപരമായതുമായ നിർദ്ദേശങ്ങളുടെ ലംഘനമാണെന്നും അതിനാൽ ജാമ്യത്തിൽ വിടണമെന്നുമാണ് ബിശ്വജിത് മണ്ഡൽ വാദിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കാനുള്ള 24 മണിക്കൂർ സമയം എപ്പോൾ ആരംഭിക്കും എന്ന നിയമപരമായ വിഷയത്തിൽ, ബംഗലൂരു രാമയ്യ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥികളായ നിഖിന തോമസിനെയും നേഹ ബാബുവിനെയും അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു.
നിയമം എല്ലാവർക്കും ഒരുപോലെ: ഹൈക്കോടതി
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളിയെ പോലും നീതിപൂർവകമായി പരിഗണിക്കാൻ അർഹതയുണ്ട്. ഈ കേസിൽ ഹർജിക്കാരനെ 2025 ജനുവരി 25 ന് ഉച്ചയ്ക്ക് 3 മണിക്ക് കസ്റ്റഡിയിലെടുത്തു. ജനുവരി 26 ന് ഉച്ചയ്ക്ക് 2 മണിക്ക് അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ ജനുവരി 26 ന് രാത്രി 8 മണിക്ക് മാത്രമാണ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതെന്നും മഹസർ വെളിപ്പെടുത്തുന്നു. അതായത് ഹർജിക്കാരനെ 24 മണിക്കൂർ കാലയളവിനപ്പുറം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാതെ അനധികൃതമായി കസ്റ്റഡിയിൽ സൂക്ഷിച്ചു. ഇത് നിയമവിരുദ്ധമായ തടങ്കലാണെന്ന് വ്യക്തമാക്കിയ കോടതി, പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു