ന്യൂഡൽഹി: ഈ വർഷം ഇതുവരെ യാത്രയ്ക്കിടെ ആറ് വിമാന എൻജിനുകൾ നിന്നുപോയെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ. ഇക്കാലയളവിൽ അടിയന്തര മുന്നറിയിപ്പ് ആയി പൈലറ്റ് മൂന്ന് മെയ് ഡേ കോൾ നൽകിയതായും കേന്ദ്ര വ്യോമയാന മന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
യാത്രയ്ക്കിടെ ഇൻഡിഗോയുടെയും സ്പൈസ് ജെറ്റിന്റെയും രണ്ട് വീതവും എയർ ഇന്ത്യയുടെയും അലയൻസ് എയറിന്റെയും ഓരോന്നും വിമാന എൻജിനുകളാണ് നിന്നുപോയത്. ജൂൺ 12 ന് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന ഉടൻ ഒരു കെട്ടിടത്തിൽ ഇടിച്ച് തകർന്ന എയർ ഇന്ത്യ വിമാനത്തിന്റേത് ഉൾപ്പെടെയാണ് മൂന്ന് മെയ് ഡേ കോളുകൾ. മറ്റു രണ്ടു മെയ് ഡേ കോളുകൾ ഇൻഡിഗോയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റേയുമാണെന്നും വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ രാജ്യസഭയെ അറിയിച്ചു.
വിമാനം ജീവന് ഭീഷണിയായ സാഹചര്യത്തിലാണെന്നും അടിയന്തര സഹായം ആവശ്യമാണെന്നും പറഞ്ഞ് എയർ ട്രാഫിക് കൺട്രോളറുമായി വ്യക്തമായി ആശയവിനിമയം നടത്താൻ ഒരു പൈലറ്റ് മൂന്ന് തവണയാണ് മെയ് ഡേ കോൾ നടത്തിയത്. 2025 ജനുവരി മുതൽ ജൂലൈ വരെയാണ് (ഇതുവരെ), ആകെ ആറു എൻജിൻ നിന്നുപോയ സംഭവങ്ങളും മൂന്ന് മെയ് ഡേ കോളുകളും റിപ്പോർട്ട് ചെയ്തതെന്നും തിങ്കളാഴ്ച രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി മൊഹോൾ പറഞ്ഞു.
ജൂലൈ 12ന്, ലഭ്യമായ വസ്തുതാപരമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിൽ എയർ ഇന്ത്യ വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണം അന്തിമമായിട്ടില്ലെന്നും അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നുമാണ് പറയുന്നതെന്നും മന്ത്രി രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു. അപകടത്തിലേക്ക് നയിക്കാൻ സാധ്യതയുള്ള എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും അട്ടിമറി സാധ്യതയെ കുറിച്ച് സർക്കാർ അന്വേഷിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.