കൊൽക്കത്ത: കൂച്ച് ബെഹാറിൽ പാർട്ടി പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വാഹനവ്യൂഹത്തിന് നേരെ ടിഎംസി പ്രവർത്തകർ ആക്രമണം നടത്തിയതായി ബിജെപി. ഇതേതുടർന്ന് പ്രദേശത്ത് സംഘാർവസ്ഥ ഉടലെടുത്തു. ആക്രമണത്തിൽ മുൻ കേന്ദ്രമന്ത്രി നിസിത് പ്രമാണിക്കും സുവേന്ദു അധികാരിയും ഇരുന്ന വാഹനത്തിന്റെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ തകർന്നു. ഒരു പൊലീസ് എസ്‌കോർട്ട് വാഹനത്തിന്റെ ഗ്ലാസുകളും തകർന്നിട്ടുണ്ട്.
എന്നാൽ ബിജെപി ആസൂത്രണം ചെയ്ത ആക്രമണമാണെന്ന് ടിഎംസി ആരോപിച്ചു. പാർട്ടി പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ബിജെപി പരിപാടി. ഇതേസമയം ബംഗാളിൽ എൻആർസി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ടിഎംസി പ്രവർത്തകരും പ്രതിഷേധം നടത്തിയിരുന്നു. സുവേന്ദു അധികാരിയുടെ വാഹനം കടന്നുപോകുന്നതിനിടെ ടിഎംസി പ്രവർത്തകർ ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി എത്തി ആക്രമണം നടത്തുകയായിരുന്നെന്ന് ബിജെപി പ്രവർത്തകർ ആരോപിച്ചു.
ബുള്ളറ്റ് പ്രൂഫ് കാറിനുള്ളിലായിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് സുവേന്ദു അധികാരി പറഞ്ഞു. 'അവർ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ ചില്ലുകൾ തകർത്തു. ഞാൻ ബുള്ളറ്റ് പ്രൂഫ് കാറിലായതിനാൽ രക്ഷപ്പെട്ടു. ഇത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു,'- അധികാരി പറഞ്ഞു. ക്രേമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തിൽ പരിപാടിയുടെ വിശാദാംശങ്ങൾ നേരത്തെ പൊലീസിനെ അറിയിച്ചിരുന്നതായും എന്നാൽ പൊലീസ് ആവശ്യമായ സംവിധാനം ഒരുക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തനിക്കെതിരായ ആക്രമണത്തിന് നേതൃത്വം നൽകിയത് ടിഎംസി നേതാക്കളുടെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നങ്ങളാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നാണ് ടിഎംസി ആരോപിക്കുന്നത്. ടിഎംസി പ്രവർത്തകർ പ്രതിഷേധപ്രകടനം മാത്രമാണ് നടത്തിയത്. ബിജെപി നേതാക്കൾക്കെതിരെ തങ്ങളുടെ ഭാഗത്തുനിന്ന് ഒരു അതിക്രമവവും ഉണ്ടായിട്ടില്ല. മുൻകൂട്ടി ആസൂത്രണം ചെയ്താണ് ബിജെപി ഇത്തരമൊരു ആക്രമണദൃശ്യങ്ങൾ സൃഷ്ടിച്ചതെന്നും ടിഎംസി കൂച്ച് ബെഹാർ ജില്ലാ പ്രസിഡന്റ് പറഞ്ഞു.