തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിന്റെ ഓഫീസ് മുറിയിൽ നിന്നും പുതിയ ഉപകരണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ വാർത്താസമ്മേളനത്തിനിടെ മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിരന്തരം ഫോൺ കോൾ. ഡോക്ടർ ഹാരിസിന്റെ മുറിയിൽ നിന്നും മോർസിലോസ്‌കോപ്പ് ആണ് കണ്ടെത്തിയതെന്ന് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ പറയുന്നതിനിടെയാണ് സൂപ്രണ്ടിന് ഫോൺ കോൾ വരുന്നത്. തുടർന്ന് ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണ സമിതിയുടെ റിപ്പോർട്ട് മുഴുവനായി വായിക്കാൻ സൂപ്രണ്ട് പ്രിൻസിപ്പലിന് നിർദേശം നൽകുന്നു.
ഇതേത്തുടർന്ന് ഉപകരണം കാണാനില്ലെന്ന അന്വേഷണ സമിതി റിപ്പോർട്ടിലെ പ്രസ്തുത ഭാഗം മുഴുവനായി പ്രിൻസിപ്പൽ വായിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ ഡോ. ഹാരിസിന്റെ ഓഫീസ് മുറിയിൽ ആരെങ്കിലും കയറുന്നതിന്റെ ദൃശ്യം കണ്ടുവെന്ന കാര്യം വിശദീകരിക്കുന്നതിനിടെ സൂപ്രണ്ടിന് വീണ്ടും ഫോൺ കോൾ വന്നു. ഫോൺ അറ്റൻഡ് ചെയ്ത സൂപ്രണ്ട് 'ശരി സർ, ഓകെ... ഓകെ' എന്ന് പറയുന്നതും വാർത്താസമ്മേളനത്തിൽ വ്യക്തമാണ്. വാർത്താസമ്മേളനത്തിനിടെ പ്രിൻസിപ്പലിനും ഫോൺകോൾ വരികയും, ഫോണിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്. 'ഒന്നൂടെ പറഞ്ഞോ സാറെ....ശരി സർ' എന്ന് മറുതലയ്ക്കലുള്ള ആളോട് പ്രിൻസിപ്പലും പറയുന്നുണ്ട്.
ഡോ. ഹാരിസ് ചിറയ്ക്കലിന് മെമ്മോ നൽകിയത് സ്വാഭാവിക നടപടിയുടെ ഭാഗമായിട്ടാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ പറഞ്ഞത്. ഡോ. ഹാരിസിന്റെ ഓഫീസ് മുറിയിൽ രണ്ടാമത് നടത്തിയ പരിശോധനയിൽ വലിയ ബോക്‌സ് കണ്ടെത്തി. അതിൽ ഓഗസ്റ്റ് 2 ന് മോർസിലോസ്‌കോപ്പ് വാങ്ങിയെന്ന ബില്ലാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഉപകരണം വന്നിട്ടുണ്ട്. പുതുതായി മുറിയിൽ കണ്ട ഉപകരണത്തിന്റെ ഫോട്ടോ പഴയതുമായി മാച്ച് ചെയ്യുന്നില്ല. സിസിടിവി നോക്കിയപ്പോൾ ഓഫീസ് മുറിയിൽ ആരോ ആരോ കടന്നതായി തോന്നിയെന്നും, ഇക്കാര്യം വിശദമായി പരിശോധിച്ചു വരികയാണെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു.