തിരുവനന്തപുരം: ഡോ. ഹാരിസ് ചിറയ്ക്കലിന് മെമ്മോ നൽകിയത് സ്വാഭാവിക നടപടിയുടെ ഭാഗമായിട്ടാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ. സർക്കാർ ജീവനക്കാർ സർവീസ് ചട്ടം ലംഘിച്ചാൽ മെമ്മോ നൽകുന്നത് സാധാരണ നടപടി മാത്രമാണ്. ഇക്കാര്യം അന്വേഷണ സമിതിയും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടി താൻ നടത്തിയാലും ഉണ്ടാകും. ഇതിനപ്പുറം പോകാൻ സർക്കാരിന് ഉദ്ദേശമില്ലെന്ന് ഡോ. പി കെ ജബ്ബാർ പറഞ്ഞു.
ഒരു ഉപകരണം കാണുന്നില്ലെന്ന് അന്വേഷണ സമിതി സൂചിപ്പിച്ചിരുന്നു. ഇത് എവിടെയാണെന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച ( ഓഗസ്റ്റ് 2 ന് ) ഡിഎംഇയുടെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വകുപ്പുമേധാവിയുടെ മുറിയിൽ കൂടി നോക്കാമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, ബുധനാഴ്ച ( ഓഗസ്റ്റ് 6 ന് ) ഡോ. ഹാരിസിന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ താൻ അവിടെ ഒരു ഉപകരണം കണ്ടെന്ന് ഡോ. ജബ്ബാർ പറഞ്ഞു. യൂറോളജി ഡിപ്പാർട്ട്‌മെന്റിലെ ഡോക്ടർ ടോണിയുടെ കൂടെയാണ് താൻ മുറിയിൽ പോയത്. അതിന്റെ പരിപൂർണമായിട്ടുണ്ടോ എന്നു വിശദമായ പരിശോധന നടത്തണം എന്നു പറഞ്ഞതിന്റെ പേരിൽ, ഇന്നലെ ( ഓഗസ്റ്റ് 7 ന് ) ഞങ്ങൾ വീണ്ടും മുറിയിൽ പോയിരുന്നു.
അപ്പോൾ ഡോ. സാജു, ഡോ. ടോണി, ഡിഎംഇ തുടങ്ങിയവർ തന്നോടൊപ്പം ഉണ്ടായിരുന്നു. അവിടെ ഒരു ഉപകരണം കണ്ടു. അത് പരിശോധിച്ചു. സർജൻ അല്ലാത്തതിനാൽ അതേക്കുറിച്ച് വ്യക്തമായി അറിയില്ല. എന്നാൽ ബോക്‌സിന്റെ താഴെ മോർസിലോസ്‌കോപ്പ് എന്നു എഴുതി വെച്ചിട്ടുണ്ടായിരുന്നു. അതിനിടെയാണ് വേറൊരു വലിയ ബോക്‌സ് കണ്ടത്. ബുധനാഴ്ച മുറിയിൽ താൻ നോക്കിയപ്പോൾ അതു കണ്ടിരുന്നില്ല. തുടർന്ന് ആ ബോക്‌സ് തുറന്നപ്പോൾ അതിൽ കുറേ ബില്ലുകളാണ് ഉണ്ടായിരുന്നത്. അസ്വാഭാവികത നോക്കിയതിനാലാണ് മുറിയിൽ വിശദമായ പരിശോധന നടത്തിയത്. ഇതു സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. പ്രിൻസിപ്പൽ പറഞ്ഞു.
വലിയ ബോക്‌സിൽ നിന്നും ഓഗസ്റ്റ് 2 ന് മോർസിലോസ്‌കോപ്പ് വാങ്ങിയെന്ന ബില്ലാണ് ലഭിച്ചത്. ഇന്നലത്തെ പരിശോധനയിൽ നെഫ്രോസ്‌കോപ്പ് ആണ് കണ്ടെത്തിയത്. സിസിടിവി നോക്കിയപ്പോൾ ആരോ കടന്നതായി തോന്നിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. ഇത് ഏതു ദിവസമാണെന്ന് പരിശോധിക്കണം. സിസിടിവി ദൃശ്യങ്ങൾ അടക്കം വിശദമായി അന്വേഷിക്കേണ്ടതാണ്. ഡോ. ഹാരിസ് അവധിയിലാണ്. ഡോക്ടർ ടോണി തോമസിനാണ് മുറിയുടെ താക്കോൽ നൽകിയിരുന്നത്. ആ താക്കോൽ മറ്റാർക്കും നൽകിയിട്ടില്ലെന്നാണ് ഡോ. ടോണി അറിയിച്ചിട്ടുള്ളതെന്നും പ്രിൻസിപ്പൽ പറഞ്ഞു.
മുറിയിൽ കണ്ടെത്തിയ ഉപകരണങ്ങൾ വിശദമായ പരിശോധന നടത്തി സ്ഥിരീകരിക്കേണ്ടതാണ്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഉപകരണം വന്നിട്ടുണ്ട്. പുതുതായി കണ്ട ഉപകരണത്തിന്റെ ഫോട്ടോ പഴയതുമായി മാച്ച് ചെയ്യുന്നില്ല. ഇത് ടെക്‌നിക്കൽ ടീം പരിശോധിക്കേണ്ടതാണ്. തങ്ങൾ കണ്ടെത്തിയ കാര്യം സർക്കാരിന് റിപ്പോർട്ട് നൽകും. കോറിഡോറിലെ സിസിടിവിയിലാണ് ഒരാൾ കയറിയതായി തോന്നിയത്. ഡോ. ഹാരിസ് ലീവിലായതിനാൽ അദ്ദേഹവുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ പറഞ്ഞു. 103 സിസിടിവികളും വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ സംബന്ധിച്ച മെഡിക്കൽ കോളജ് സൂപ്രണ്ടും വ്യക്തമാക്കി.