തൃശൂർ: ഇലക്ഷൻ കമ്മീഷനെതിരായ രാഹുൽ ഗാന്ധിയുടെ ആരോപണം കേരളത്തിലും ചർച്ച സജീവമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ ബിജെപി നേടിയ വിജയത്തിൽ സംശയം ഉന്നയിച്ച് സിപിഐ രംഗത്തെത്തി. തൃശൂരിൽ വോട്ടർമാരെ തിരുകിക്കയറ്റിയതായി പരാതി തെരഞ്ഞെടുപ്പ് വേളയിലും ഉന്നയിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ മണ്ഡലത്തിലെ എൽഡിഎഫിന്റെ തോൽവിയിൽ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്ന് സിപിഐ ജില്ല സെക്രട്ടറി കെ ജി ശിവാനന്ദൻ വാർത്താസമ്മേളനത്തിൽ ആവശ്യപെട്ടു.
രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തൃശൂർ ലോകസഭാ ഇലക്ഷനും സംശയത്തിന്റെ നിഴലിലാണെന്ന് ശിവാനന്ദൻ പറഞ്ഞു. മുൻമന്ത്രികൂടിയായ സിപിഐ നേതാവ് വി എസ് സുനിൽകുമാർ കഴിഞ്ഞ ദിവസം ഉന്നയിച്ച സംശയം ആവർത്തിച്ച സിപിഐ ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പുകമ്മീഷനെതിരേ പരോക്ഷവിമർശനവും ഉന്നയിച്ചു. തൃശൂർ തെരഞ്ഞെടുപ്പ് വേളയിലും വോട്ടർമാരെ തിരുകിക്കയറ്റിയതായി ആരോപണം അന്നേ ഉന്നയിച്ചിരുന്നെങ്കിലും ഇലക്ഷൻ കമ്മീഷൻ അത് ലാഘവത്തോടെയാണ് കണ്ടത്. പരാതി നൽകിയിരുന്നെങ്കിലും തുടർ നടപടികൾ ഒന്നുമുണ്ടായില്ല. രാഹുൽ ഗാന്ധി ആവശ്യപ്പെട്ട സംസ്ഥാനങ്ങളിൽ മാത്രമല്ല, കേരളത്തിലും തൃശൂരിലും ഇക്കാര്യങ്ങൾ പരിശോധിക്കപ്പെടണം. സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആരോപണങ്ങൾ ശരിയെന്ന് സംശയം ബലപ്പെടുന്നതാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ എന്നായിരുന്നു വി എസ് സുനിൽ കുമാറിന്റെ പ്രതികരണം. പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ തൃശൂരിൽ വലിയ അട്ടിമറി നടന്നു. അന്യസംസ്ഥാന തൊഴിലാളികൾ, മറ്റു മണ്ഡലങ്ങളിൽ നിന്നുള്ളവർ എന്നിവരും തൃശൂരിലെ വോട്ടർ പട്ടികയിൽ ഇടംപിടിച്ചു. തൃശൂർ മണ്ഡലത്തിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അന്നുതന്നെ പരാതി ഉന്നയിച്ചിരുന്നുവെന്നും സുനിൽ കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.