തിരുവനന്തപുരം: സർക്കാർ പാനൽ മറികടന്ന് സംസ്ഥാനത്തെ ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിൽ വീണ്ടും വിസി നിയമനം. ഡിജിറ്റൽ സർവകലാശാലയുടെ താൽകാലിക വിസിയായി ഡോ. സിസ തോമസിനെയും സാങ്കേതിക സർവകലാശാല വിസിയായി ഡോ. കെ. ശിവപ്രസാദിനെയുമാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമിച്ചത്.
സർക്കാർ പാനലിന് പുറത്ത് നിന്നും വി സിമാരെ നിയമിച്ച ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നടപടിക്കെതിരെ ഇതിനോടകം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. താൽകാലിക വി.സി നിയമനം ഉൾപ്പെടെ അതാത് സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കണമെന്ന് സുപ്രീംകോടതി നിർദേശത്തിന് വിരുദ്ധമാണ് ഗവർണറുടെ നടപടി എന്നാണ് ഉയരുന്ന പ്രധാന വിമർശമനം.
നിയമനം സർവകലാശാല ചട്ടം അനുസരിച്ചല്ല, നടപടി സുപ്രീം കോടതി വിധിയ്ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചു. സർക്കാർ നൽകിയ പട്ടികയിൽ നിന്ന് വിസിയെ നിയമിക്കണമെന്നും മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. ഇപ്പോൾ നിയമിച്ച രണ്ട് പേരും സർക്കാർ നിർദേശിച്ച പട്ടികയിൽ ഉള്ളത് അല്ലെന്നും സർക്കാർ ഓർമ്മിക്കുന്നു.
വിസി നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ആർഎസ്എസ് വിധേയർ വിസിമാരാകുന്നു എന്നതാണ് തീരുമാനത്തിന്റെ പ്രത്യേകതയെന്നും മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. സർക്കാർ നൽകിയ പട്ടികയിൽ നിന്ന് വിസിയെ നിയമിക്കണമെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതി നിർദേശം മറികടന്ന് സർക്കാർ പാനൽ തള്ളിയതിലൂടെ ഗവർണർ രാജേന്ദ്ര ആർലേക്കർ സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുകയാണ് ചെയ്തതെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. ഗവർണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് സർക്കാർ തീരുമാനം. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടിയെന്നാണ് റിപ്പോർട്ടുകൾ.