കണ്ണൂർ അലവിലില്‍ വൃദ്ധദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതക ശേഷമുള്ള ആത്മഹത്യയുമെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഭാര്യ ശ്രീലേഖയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പ്രേമരാജൻ സ്വയം തീകൊളുത്തുകയായിരുന്നു. ശ്രീലേഖയുടെ മരണം തലയിലുണ്ടായ ആഴത്തിലുള്ള മുറിവുകൊണ്ടും പ്രേമരാജന്റെ മരണം ഗുരുതരമായി പൊള്ളലേറ്റതു കൊണ്ടുമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
വാർധക്യസഹജമായ മാനസികപ്രശ്നങ്ങളാണ് ഈ കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് മക്കളും വിദേശത്തായിരുന്ന ഇവർക്ക് സാമ്ബത്തിക പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വാർധക്യത്തിലെ ഒറ്റപ്പെടലാണോ കൃത്യത്തിലേക്ക് നയിച്ചതെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.
മകൻ ഷിബിൻ കുടുംബത്തോടൊപ്പം ബഹ്റൈനില്‍ നിന്ന് എത്തുന്ന ദിവസം തന്നെയാണ് ദാരുണമായ സംഭവം നടന്നത്. ഷിബിനെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാൻ എത്തിയ അയല്‍വാസി സരോഷാണ് വാതില്‍ അടഞ്ഞു കിടക്കുന്നത് കണ്ട് പോലീസിനെ വിളിച്ചത്. പോലീസ് ചവിട്ടിത്തുറന്ന് അകത്തു കടന്നപ്പോള്‍ വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയില്‍ അടുത്തടുത്തായി പൊള്ളലേറ്റ നിലയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
മന്ത്രി എ.കെ. ശശീന്ദ്രന്റെ സഹോദരി പുത്രിയാണ് മരിച്ച അറുപത്തിയൊൻപതുകാരിയായ ശ്രീലേഖ. പ്രേമരാജൻ കണ്ണൂരിലെ ഒരു ഹോട്ടലില്‍ മാനേജരായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മന്ത്രി എ.കെ. ശശീന്ദ്രൻ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. സംസ്കാരം നാളെ പയ്യാമ്ബലത്ത് നടക്കും.