മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് സംശയം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഈ മാസം നാലിനാണ് ഷമീർ നാട്ടിലെത്തിയത്. ഇയാൾക്ക് വിദേശത്ത് നിരവധി ബിസിനസ് സംരംഭങ്ങളുമുണ്ട്. അതു സംബന്ധിച്ച് ചില തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്. ഇന്നലെ രാത്രി എട്ടുമണിയോടെ പാണ്ടിക്കാട് ടൗണിൽ ഇന്നോവയിൽ എത്തിയ സംഘം നാട്ടുകാർ കാൺകെ ഷമീറിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ബിസിനസ്സിലെ തർക്കമാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
മലപ്പുറം എസ്പിയുടെ പ്രത്യേക നിർദേശപ്രകാരം പ്രത്യേക അന്വഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഷമീറിന് ഭീഷണിയുണ്ടായിരുന്നതായി അറിയില്ലെന്നാണ് കുടുംബം പറയുന്നത്.