തൃശൂർ: തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ വോട്ടു ക്രമക്കേട് ആരോപണങ്ങൾക്കിടെ കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി തൃശൂരിലെത്തി. വന്ദേഭാരത് എക്‌സ്പ്രസിൽ രാവിലെ 9.30 ഓടെയാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ മുദ്രാവാക്യം വിളികളോടെ ബിജെപി പ്രവർത്തകർ വലിയ സ്വീകരണമാണ് സുരേഷ് ഗോപിക്ക് നൽകിയത്. റെയിൽവേ സ്‌റ്റേഷനിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ സുരേഷ് ഗോപി തയ്യാറായിരുന്നില്ല.
കനത്ത പൊലീസ് സുരക്ഷാ സന്നാഹത്തോടെയാണ് സുരേഷ് ഗോപി റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോയത്. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരെ സുരേഷ് ഗോപി, ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവർത്തകരെ കാണാൻ പോയി. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവർത്തകർ ചികിത്സയിൽ കഴിയുന്നത്. പ്രവർത്തകരുടെ ആരോഗ്യവിവരങ്ങൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി ചോദിച്ചറിഞ്ഞു.
ആശുപത്രിയിലെത്തിയപ്പോഴും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയില്ല. എന്നാൽ ചികിത്സയിൽ കഴിഞ്ഞ ബിജെപി പ്രവർത്തകരെ സന്ദർശിച്ച ശേഷം പുറത്തിറങ്ങിയ സുരേഷ് ഗോപി, ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്നു മാത്രം പ്രതികരിച്ചു. ആശുപത്രി സന്ദർശനത്തിന് ശേഷം സുരേഷ് ഗോപി, സിപിഎം-ബിജെപി പ്രവർത്തകർ ആക്രമിച്ച തൃശൂർ ചേറൂരിലെ എംപി ഓഫീസിലെത്തി. മുൻ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ, ജില്ലാ നേതാവ് ഹരി തുടങ്ങിയവർ സുരേഷ് ഗോപിയുമായി ചർച്ച നടത്തി.
സുരേഷ് ഗോപിയുടെ ഓഫീസിന് നേർക്കുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാർച്ചിൽ സുരേഷ് ഗോപിയും പങ്കെടുത്തേക്കുമെന്നാണ് സൂചന. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശൂരിലെത്തിയിരുന്നത്. വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്. ക്രമക്കോട് ആരോപണം പാർട്ടി തള്ളിയിരുന്നു.