വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി തൃശൂരിലേക്ക്; സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍; മറുപടി കാത്ത് കേരളം

file

തൃശൂർ: തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യാജവോട്ട് ആരോപണം കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് രാവിലെ തൃശൂരിൽ എത്തും. ഒൻപതരയ്ക്ക് റെയിൽവേ സ്റ്റേഷനിലെത്തുന്ന സുരേഷ് ഗോപിക്ക് ബിജെപി പ്രവർത്തകർ സ്വീകരണം നൽകും. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ പരിക്കേറ്റവരെയും മന്ത്രി സന്ദർശിക്കും.


കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ ആക്രമണത്തിലും തൃശൂരിലെ വ്യാജ വോട്ട് ആരോപണത്തിലും മന്ത്രിയുടെ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ രാത്രി രണ്ടേമുക്കാലോടെ ഡൽഹിയിൽ നിന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയിരുന്നു. രാവിലെ 5.15ന് വന്ദേഭാരത് എക്‌സ്പ്രസിൽ യാത്ര തിരിച്ച മന്ത്രി ഒൻപതരയ്ക്ക് തൃശൂരിൽ എത്തും. വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി റെയിൽവേ സ്റ്റേഷനിൽ പ്രധാന എൻട്രൻസ് ഒഴിവാക്കിയാണ് അകത്തുകയറിയത്.


രാഹുൽ ഗാന്ധി ഉയർത്തിയ വോട്ടു ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഇന്ന് കത്തയയ്ക്കൽ സമരം നടത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം. അതേസമയം, പ്രതിരോധ നടപടികൾക്കായി ബിജെപിയും രംഗത്തുണ്ട്.തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിന് നേരെ നടന്ന ആക്രമണത്തിനെതിരെ ഇന്ന് ബിജെപി സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും മാർച്ച് നടത്താനാണ് തീരുമാനം.


ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധത്തിനിടെ സിപിഎം പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫിസിൽ ബോർഡിൽ കരിയോയിൽ ഒഴിച്ചത്. ഇതിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തമാകുകയും ഇരുപക്ഷത്തെയും അഞ്ചുപേർക്ക് വീതം പരിക്കേൽക്കുകയും ചെയ്തിരുന്നു.

Previous Post Next Post