തൃശൂർ: കേരളം നേരിട്ട ദുരന്തങ്ങളിൽ ഒരു രൂപ പോലും കേന്ദ്രസഹായമായി നൽകിയില്ലെന്ന മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അമിത് ഷാ പറഞ്ഞത് വ്യക്തമായ കണക്കുകൾ വച്ചാണ്. ആ കണക്ക് തെറ്റാണെങ്കിൽ താൻ മുഖ്യമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അവർക്ക് ഒളിച്ചുവയ്ക്കാൻ ഒറ്റമാർഗമേയുള്ളു. അത് കേന്ദ്രസർക്കാർ തന്നില്ലെന്ന് പറയുക മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
'കേന്ദ്ര സർക്കാർ ഒരുരൂപ പോലും തന്നില്ലെങ്കിൽ അവർ അതിന്റെ കണക്കുവയ്ക്കട്ടെ. ചർച്ചയ്ക്ക് ഞാൻ തയ്യാറാണ്. എന്തുകൊണ്ട് സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല'- രാജീവ് ചന്ദ്രശേഖർ ചോദിച്ചു. 2004 - 2014 വരെയുള്ള കാലത്തു കേരളത്തിനു ദുരന്ത നിവാരണത്തിനായി കേന്ദ്ര സർക്കാർ നൽകിയത് 1350 കോടി രൂപയാണ്. എന്നാൽ, നരേന്ദ്ര മോദി സർക്കാർ 10 വർഷത്തിനിടെ സംസ്ഥാന സർക്കാരിനു നൽകിയത് 5100 കോടി രൂപയാണ്. പക്ഷേ, സംസ്ഥാന സർക്കാർ ആ തുക ജനങ്ങൾക്കു നൽകിയില്ല എന്നതു ഗൗരവമുള്ള വിഷയമാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ദുരന്ത നിവാരണ നിധി കൈകാര്യവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനുമായി പരസ്യ സംവാദം നടത്താൻ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
സിപിഎമ്മും ഡിഎംകെയും ശബരിമലയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുക എന്നത് വലിയൊരു വിരോധാഭാസമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വർഷങ്ങളോളം ശബരിമലയിലെ ആചാരങ്ങളെയും ഭക്തരെയും അധിക്ഷേപിക്കുകയും ഒട്ടേറെപ്പേരെ ജയിലിലടക്കുകയും ചെയ്ത സർക്കാരാണ് പിണറായി വിജയന്റേത്. സ്റ്റാലിനും, അദ്ദേഹത്തിന്റെ പുത്രനും രാഷ്ട്രീയ പിൻമുറക്കാരനുമായ ഉദയനിധിയുമാകട്ടെ, വോട്ടു ബാങ്കുകളെ പ്രീതിപ്പെടുത്താനായി വർഷങ്ങളായി ഹിന്ദുക്കളെയും ഹിന്ദു ധർമ്മത്തെയും പരസ്യമായിത്തന്നെ അവഹേളിച്ചു വരുന്നവരുമാണ്. അങ്ങനെയുള്ളവർ തെരഞ്ഞെടുപ്പടുക്കുമ്പോൾ അയ്യപ്പനെ വണങ്ങുകയാണ്.
ഇതൊരു വൈകി വന്ന വിവേകമാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. പക്ഷെ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള തന്ത്രം മാത്രമാണിതെന്ന് ഏതൊരു ഇന്ത്യക്കാരനും മലയാളിക്കും തമിഴ് നാട്ടുകാർക്കുമെല്ലാം നന്നായി അറിയാം. നുണയും കാപട്യങ്ങളും കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയെന്നത് പതിറ്റാണ്ടുകളായി ഈ പാർട്ടികൾ സ്വീകരിച്ചു വരുന്ന പതിവ് പരിപാടിയാണ്. എന്നാൽ ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാനാകില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
