ന്യുഡൽഹി: ഇന്ത്യയ്ക്ക് 50% തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്ക് പകരമായി യുഎസ് ഉത്പന്നങ്ങൾക്ക് ഇന്ത്യ തീരുവ കുത്തനെ ഉയർത്തണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. യുഎസ് ഇറക്കുമതി തീരുവ 50 ശതമാനമാക്കി ഉയർത്തണമെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
യുഎസ് തീരുവ ഉയർത്തിയ നടപടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇന്ത്യ ചർച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ ഫലം കണ്ടില്ലെങ്കിൽ യുഎസ് ഇറക്കുമതികൾക്ക് തീരുവ അൻപത് ശതമാനമാക്കി ഉയർത്തണം. തീരുവ ഉയർത്തുന്നതിൽ അമേരിക്ക ചൈനക്ക് 90 ദിവസത്തെ സമയപരിധി നൽകി. എന്നാൽ നമുക്ക് നൽകിയത് മൂന്നാഴ്ച മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിലവിൽ യുഎസ് ഇറക്കുമതിക്ക് പതിനേഴ് ശതമാനം തീരുവയാണ് ഈടാക്കുന്നത്. അത് മാറ്റി യുഎസ് ഇറക്കുമതികൾക്ക് തീരുവ അൻപത് ശതമാനമാക്കി ഉയർത്തണം. നമ്മോട് യുഎസ് അങ്ങനെ ചെയ്താൽ തിരിച്ചും അതേ രീതിയിൽ ചെയ്യണമെന്നും തരൂർ പറഞ്ഞു.
റഷ്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കാൾ കുറഞ്ഞ വിലയ്ക്ക് എണ്ണയും പ്രകൃതി വാതകങ്ങളും ലഭിക്കുന്നത്. രാജ്യത്തിന്റെ വികസനപ്രവർത്തനത്തിന് ഇത് അത്യാവശ്യമാണെന്നും ശശി തരൂർ പറഞ്ഞു.
തീരുവ കുത്തനെ ഉയർത്തിയ അമേരിക്കയുടെ നിലപാടിനെതിരെ മോദിയും പരോക്ഷമായി രംഗത്തെത്തിയിരുന്നു. കർഷകരുടെ താൽപര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ തീരുമാനത്തിന് വലിയ വില നൽകേണ്ടി വന്നേക്കാമെങ്കിലും കർഷകർക്കായി അതിനു തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'കർഷകരുടെ താൽപര്യത്തിനാണ് നമ്മുടെ ഏറ്റവും വലിയ മുൻഗണന. കർഷകരുടെയും ക്ഷീരകർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താൽപര്യങ്ങളിൽ ഒരിക്കലും രാജ്യം വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് എനിക്ക് വ്യക്തിപരമായി വലിയ വില നൽകേണ്ടി വന്നേക്കാം. പക്ഷേ, ഞാൻ തയാറാണ്'പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ആഴ്ച ചുമത്തിയ 25% പകരം തീരുവ യുഎസ് ഇരട്ടിയാക്കിയിരുന്നു. റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിനാണ് തീരുവ 50 ശതമാനമാക്കിയത്. ആദ്യം പ്രഖ്യാപിച്ച 25% തീരുവ ഇന്ന് പ്രാബല്യത്തിൽ വരും. ഇന്നലെ പ്രഖ്യാപിച്ച 25% തീരുവ ഓഗസ്റ്റ് 27നും. തീരുവ വർധിപ്പിച്ചതോടെ കയറ്റുമതി മേഖല വലിയ തിരിച്ചടി നേരിടും.