വളർത്തു നായയ്ക്ക് പിന്നാലെ പാഞ്ഞ് വീട്ടിലേക്ക് ഓടിക്കയറിയത് പുലി! അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പത്തനംതിട്ട: വളർത്തു നായയെ പിടിക്കാനെത്തിയ പുലി വീട്ടിലേക്ക് ഓടിക്കയറി. കൃത്യ സമയത്ത് കതകടച്ചതിനാൽ വീട്ടിനുള്ളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും രക്ഷപ്പെട്ടു. കോന്നിയിലാണ് സംഭവം. നായയെ കിട്ടാത്ത ദേഷ്യത്തിൽ കതകിലും തറയിലുമെല്ലാം മാന്തിയ ശേഷം പുലി പുറത്തേക്ക് പോയി.


പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ തട്ടാക്കുടി പൂമരുതിക്കുഴിയിൽ വീട്ടിലേക്കാണ് ഇന്നലെ വൈകീട്ടോടെ പുലി ഓടിക്കയറിയത്. വീട്ടിലെ വളർത്തു നായയെ പിന്തുടർന്നാണ് പുലിയെത്തിയത്. വൈകീട്ട് മൂന്നരയോടെ പൂമരുതിക്കുഴി പൊൻമേലിൽ രേഷ്മയുടെ വീട്ടിലാണ് സംഭവം.


മൂത്ത കുട്ടിയെ അങ്കണവാടിയിൽ നിന്നു വിളിച്ചു കൊണ്ടുവരാൻ ഇളയ കുട്ടിയുമായി പുറത്തു പോകാൻ തുടങ്ങുമ്പോഴാണ് പുലി വളർത്തുനായയെ ഓടിച്ച് പിന്നാലെ എത്തിയത്. നായ ആദ്യം അടുക്കളയിലേക്ക് കയറി. പിന്നീട് രേഷ്മയുടെ മുറിയിലേക്കും ഓടിക്കയറി. ഇതുകണ്ട് രേഷ്മ നായയെ വലിച്ചു മാറ്റി മുറിയുടെ കതക് അടയ്ക്കുകയായിരുന്നു. പുലി മടങ്ങിയതോടെ ഇവർ പുറത്തിറങ്ങി അടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു.


വിവരമറിഞ്ഞ് പാടം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നു ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ആർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പുലിയുടേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.


ഇവിടെ നിന്നു പത്ത് കിലോമീറ്റർ അകലെ കൂടൽ പാക്കണ്ടം ഭാ​ഗത്തും കഴിഞ്ഞ ദിവസം പുലിയെ കണ്ടിരുന്നു. ഒരു വീട്ടിൽ നിന്നു 5 കോഴികളേയും പുലി കൊന്നു തിന്നു. പരിസരത്തെ സിസിടിവിയിലും പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൂമരുതിക്കുഴിയിലും പാക്കണ്ടത്തും കൂട് സ്ഥാപിക്കുമെന്നു വനം വകുപ്പ് വ്യക്തമാക്കി.

Previous Post Next Post