തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ തിരിച്ചറിയിൽ കാർഡും കോളജ് വിദ്യാർഥികളുടെ തിരിച്ചറിയൽ കാർഡും ഉൾപ്പെടെ 12 രേഖകൾ ഉപയോഗിക്കാമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതു സംബന്ധിച്ചു ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ കലക്ടർമാർക്കും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കും (ഇആർഒ) നിർദ്ദേശം നൽകി.
വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താനുള്ള അപേക്ഷയിൽ പേര്, വയസ്, താമസം എന്നിവ സംബന്ധിച്ചു ഇആർഒമാർക്കു സംശയമുണ്ടെങ്കിൽ ഈ രേഖകൾ ഏതെങ്കിലും പരിശോധിക്കാം. അപേക്ഷകൾ ലഭിച്ചാൽ നേരിട്ടു ഹാജരാകാൻ ഇആർഒയുടെ നോട്ടീസ് ലഭിക്കും. നോട്ടീസിലെ തീയതിയിലും സമയത്തും ഹാജരാകാൻ കഴിയാതിരുന്നാൽ സൗകര്യപ്രദമായ മറ്റൊരു ദിവസം ഹാജരാകാൻ സൗകര്യം ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
തിരിച്ചറിയൽ രേഖകൾ
1 കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ തിരിച്ചറിയൽ കാർഡ്
2 പാസ്‌പോർട്ട്
3 ഡ്രൈവിങ് ലൈസൻസ്
4 പാൻ കാർഡ്
5 ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്
6 ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നു 2025 ജനുവരി ഒന്നിനു മുൻപ് നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്
7 സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖ
8 ആധാർ കാർഡ്
9 റേഷൻ കാർഡ്
10 റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്
11 അംഗീകൃത സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകൾ, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ
12 കേന്ദ്ര- സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച കാർഡുകൾ.