ന്യൂഡൽഹി: തീരുവ ഇനിയും കൂട്ടുമെന്ന യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഇന്ത്യ. അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ട്. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ട്രംപ് നടത്തിയ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം.
'യുക്രൈൻ സംഘർഷം ആരംഭിച്ച ശേഷം റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന് അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയെ ലക്ഷ്യം വെക്കുകയാണ്. ഇത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. ഇന്ത്യയെ കുറ്റപ്പെടുത്തുന്ന രാജ്യങ്ങൾ റഷ്യയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്നുണ്ട്. യുഎസ് പല്ലേഡിയവും അവരുടെ ആണവോർജ വ്യവസായത്തിന് ആവശ്യമായ യുറേനിയം ഹെക്‌സാഫ്‌ലൂറൈഡും റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല'. വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
വാസ്തവത്തിൽ, യുക്രൈൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പരമ്പരാഗത എണ്ണ യൂറോപ്പിലേക്ക് വഴിതിരിച്ചുവിട്ടതിനാലാണ് ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ തുടങ്ങിയത്. ആഗോള ഊർജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി അക്കാലത്ത് അമേരിക്ക ഇന്ത്യയുടെ അത്തരം ഇറക്കുമതികളെ സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഇറക്കുമതി ഇന്ത്യയിലെ ഊർജ്ജ ചെലവ് കുറയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ആഗോള വിപണി സാഹചര്യം നിർബന്ധിതമാക്കുന്ന ഒരു ആവശ്യകതയാണ് അവ'
രാജ്യത്തെ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ ഊർജം ഉറപ്പാക്കാനാണ് ഇന്ത്യ റഷ്യയിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. ആഗോള വിപണി സാഹചര്യം കാരണമാണ് ഇറക്കുമതി ചെയ്യാൻ നിർബന്ധിതമാകുന്നത്. ഏതൊരു പ്രധാന സമ്പദ്വ്യവസ്ഥയെയും പോലെ, ഇന്ത്യയും ദേശീയ താൽപര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും'. രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.