കൊച്ചി: കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധിയിൽ വിമർശനവുമായി ഹൈക്കോടതി. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമുള്ള പരസ്പര വാശിയാണ് പ്രശ്‌നം. ഇരുകൂട്ടരുടേയും നീക്കം ആത്മാർത്ഥതയോടെയുള്ളതല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തതിനെതിരെ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റിസ് ടി ആർ രവിയുടെ ബെഞ്ചാണ് രജിസ്ട്രാറുടെ ഹർജി പരിഗണിച്ചത്. രജിസ്ട്രാറുടെ സസ്‌പെൻഷൻ പിൻവലിക്കാനുള്ള സിൻഡിക്കേറ്റിന്റെ തീരുമാനം അനുസരിക്കാതെ, സർവകലാശാല നിയമവും ചട്ടവും വിസി ലംഘിക്കുകയാണെന്ന്, ഡോ. അനിൽകുമാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ എൽവിൻ പീറ്റർ ചൂണ്ടിക്കാട്ടി. വിസി സസ്‌പെൻഡ് ചെയ്താൽ അത് സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ചട്ടം. അതനുസരിച്ച് ജൂലൈ ആറിന് സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്തു.
എന്നാൽ സിൻഡിക്കേറ്റ് സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചു. എന്നാൽ വിസി സിൻഡിക്കേറ്റ് തീരുമാനം പാലിക്കാതെ സസ്‌പെൻഷൻ ഉത്തരവുമായി മുന്നോട്ടു പോകുകയാണെന്ന് ഡോ. അനിൽകുമാർ ചൂണ്ടിക്കാട്ടി. സിൻഡിക്കേറ്റ് സസ്‌പെൻഷൻ പിൻവലിച്ചതിനെത്തുടർന്നാണ് നേരത്തെ നൽകിയിരുന്ന റിട്ട് പെറ്റീഷൻ പിൻവലിച്ചതെന്നും ഡോ. അനിൽകുമാറിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ അധികാരമുണ്ടോയെന്ന് വൈസ് ചാൻസലർ വ്യക്തമാക്കണം. സിൻഡിക്കേറ്റിന് മുകളിലാണോ വൈസ് ചാൻസലർ. ഇതിൽ രേഖാമൂലം വിശദീകരണം നൽകാൻ വൈസ് ചാൻസലർ മോഹൻ കുന്നുമ്മലിന് കോടതി നിർദേശം നൽകി. സസ്പെൻഡ് ചെയ്യാനുള്ള അധികാരം വൈസ് ചാൻസലർക്കല്ല, സിൻഡിക്കേറ്റിനാണ് എന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. സർവകലാശാല തർക്കം ആർക്കും ഭൂഷണമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് ബുധനാഴ്ച പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.