തിരുവനന്തപുരം: ഫുട്‌ബോൾ താരം മെസിയും അർജന്റീന ടീമും ഈ വർഷം കേരളത്തിലേക്ക് വരില്ലായെന്ന് അറിയിച്ചതായി കായിക മന്ത്രി വി അബ്ദുറഹിമാൻ. ഈ ഒക്ടോബറിൽ കേരളത്തിൽ എത്തുമെന്ന് പറഞ്ഞതിനാലാണ് പണമടച്ചത്. തുക അടച്ചശേഷമാണ് ഈ വർഷം കേരളത്തിൽ വരാൻ കഴിയില്ലെന്ന് അറിയിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
'നിലവിൽ അർജന്റീന ടീമുമായി കരാർ ഒപ്പിട്ടിരുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തിൽ പണം അടയ്ക്കാൻ അർജന്റീന ടീം മെയിൽ അയച്ചപ്പോഴാണ് പണമയച്ചത്. അവർ പറഞ്ഞത് രണ്ടു വിൻഡോയാണ്. ഒക്ടോബർ, അല്ലെങ്കിൽ നവംബർ. അതിന് ശേഷം അവർ ഒക്ടോബറിൽ എന്തായാലും വരുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പണമയച്ചത്. പക്ഷേ പണം സ്വീകരിച്ചതിന് ശേഷമാണ് ഈ വർഷം വരാൻ പറ്റില്ല എന്ന് പറഞ്ഞത്. കേരളത്തെ സംബന്ധിച്ച് 2025 ഒക്ടോബറിൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഇത് മാത്രമേ കേരളത്തിന് സ്വീകാര്യമുള്ളൂ. കേരളത്തിന് ഏതെങ്കിലും രീതിയിൽ നഷ്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നൽകാനുള്ള പൂർണ ഉത്തരവാദിത്തം അർജന്റീന ടീമിനാണ്. ഇതിൽ സംസ്ഥാന സർക്കാരിന് യാതൊരുവിധ സാമ്പത്തിക ബാധ്യതയുമില്ല. പണം അടച്ചാൽ എങ്ങനെ നഷ്ടപ്പെടും? കളിക്ക് വേണ്ടി പണം അടച്ചിട്ട് നിങ്ങൾ വന്നില്ലെങ്കിൽ അതിന്റെ നഷ്ടം തരേണ്ടത് സംസ്ഥാനത്തിനാണ്. കേന്ദ്ര കായിക മന്ത്രാലയം, ധനകാര്യ വകുപ്പ്, റിസർവ് ബാങ്ക് തുടങ്ങിയവയുടെ അനുമതിയോടെയാണ് പണം അടച്ചത്. അതുകൊണ്ട് തന്നെ മറ്റൊന്നും മറച്ചുവെയ്ക്കാനില്ല. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ പൂർണ ഉത്തരവാദിത്തം അവർക്കാണ്.'- മന്ത്രി പറഞ്ഞു. ഈ വർഷം ഒക്ടോബറിൽ മെസി ഉൾപ്പെടെയുള്ള അർജന്റീന ഫുട്‌ബോൾ ടീം കേരളത്തിൽ പന്തുതട്ടാനെത്തും എന്നായിരുന്നു നേരത്തെ മന്ത്രി പ്രഖ്യാപിച്ചിരുന്നത്.
അതേസമയം, മെസി ഡിസംബറിൽ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഫുട്‌ബോൾ വർക്ക് ഷോപ്പുകൾക്ക് വേണ്ടി മുംബൈ, കൊൽക്കത്ത, ഡൽഹി നഗരങ്ങളിൽ സന്ദർശിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാംഖഡെ സ്‌റ്റേഡിയം, ഈഡൻ ഗാർഡൻസ്, അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയം എന്നിവിടങ്ങളിൽ മെസി സന്ദർശനം നടത്തിയേക്കും. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് മത്സരത്തിൽ മെസി പങ്കെടുക്കാൻ സാധ്യതയുണ്ട്.