ഓവലിൽ സൂപ്പർ ക്ലൈമാക്സ്; ഇം​ഗ്ലണ്ടിനെ ആറ് റൺസിന് തോൽപ്പിച്ച് ഇന്ത്യ; സിറാജിന് അഞ്ചുവിക്കറ്റ്

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നിർണായകമായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം. അവസാന നിമിഷം വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ ഇന്ത്യ ആറു റൺസിനാണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. കളിയുടെ അവസാന ദിവസം നാലുവിക്കറ്റ് ബാക്കിനിൽക്കെ 35 റൺസാണ് ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. അഞ്ചുവിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് ആണ് ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. അറ്റ്കിൻസണിനെ പുറത്താക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ഇരുടീമുകളും രണ്ടുവീതം മത്സരം ജയിച്ചതോടെ പരമ്പര സമനിലയിലായി.


പരിക്കേറ്റ വോക്‌സ് ബാറ്റിങ്ങിന് ഇറങ്ങുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാൽ നിർണായക സമയത്ത് കൈയിൽ പ്ലാസ്റ്റർ കെട്ടിവെച്ച് വോക്‌സ് കളിക്കളത്തിൽ ഇറങ്ങിയത് കാണികളെ ആവേശത്തിലാഴ്ത്തി. എന്നാൽ ഒരു പന്ത് പോലും വോക്‌സിന് നേരിടേണ്ടി വന്നില്ല. അതിന് മുൻപ് അറ്റ്കിൻസണിനെ ക്ലീൻ ബൗൾഡാക്കി സിറാജ് ഇന്ത്യയ്ക്ക് വിജയം ഒരുക്കുകയായിരുന്നു.


374 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് നാലാംദിവസം ആറുവിക്കറ്റ് നഷ്ടത്തിൽ 339 റൺസുമായാണ് കളിക്കളം വിട്ടത്. സെഞ്ച്വറി നേടിയ ജോ റൂട്ടും (152 പന്തിൽ 105), 98 പന്തുകൾ നേരിട്ട് 111 റൺസെടുത്ത ഹാരി ബ്രൂക്കും അർധ സെഞ്ചറി നേടിയ ബെൻ ഡക്കറ്റുമാണ്(83 പന്തിൽ 54) ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർമാർ.


ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട് നാലാം ദിനം തുടങ്ങിയത്. ബെൻ ഡക്കറ്റ് അർധ സെഞ്ച്വറി നേടിയതിനു പിന്നാലെ പുറത്തായി. താരം 54 റൺസെടുത്തു. സ്‌കോർ 82ൽ എത്തിയപ്പോഴാണ് ഡക്കറ്റിനെ ഇംഗ്ലണ്ടിനു നഷ്ടമായത്. താരത്തെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. സ്‌കോർ 106ൽ എത്തിയതിനു പിന്നാലെ മുഹമ്മദ് സിറാജ് ക്യാപ്റ്റൻ ഒലി പോപ്പിനെ ഔട്ടാക്കി ഇംഗ്ലണ്ടിനു മേൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിച്ചു. താരം 27 റൺസുമായി മടങ്ങി. പിന്നാലെ ഹാരി ബ്രൂക്ക്, ജേക്കബ് ബെതെൽ(5),ജോ റൂട്ട് എന്നിവർ പുറത്തായതോടെ ഇംഗ്ലണ്ട് സമ്മർദത്തിലായി. പിന്നീട് വാലറ്റത്തിന്റെ ചെറുത്ത് നിൽപ്പാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയത്.


ഇന്ത്യ 374 റൺസ് വിജയലക്ഷ്യം ഉയർത്തിയപ്പോൾ, മൂന്നാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 396 റൺസെടുത്ത് ഓൾഔട്ടായിരുന്നു. സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളാണ് രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയുടെ ടോപ് സ്‌കോറർ. 164 പന്തുകൾ നേരിട്ട ജയ്‌സ്വാൾ രണ്ടു സിക്‌സുകളും 14 ഫോറുകളും ഉൾപ്പടെ 118 റൺസെടുത്തു. വാഷിങ്ടൻ സുന്ദർ (46 പന്തിൽ 53), ആകാശ്ദീപ് (94 പന്തിൽ 66), രവീന്ദ്ര ജഡേജ (77 പന്തിൽ 53) എന്നിവർ അർധ സെഞ്ചറികൾ നേടി. ധ്രുവ് ജുറേൽ (46 പന്തിൽ 34), കരുൺ നായർ (32 പന്തിൽ 11) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറർമാർ.

Previous Post Next Post