ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ആരംഭിച്ച ബിജെപി ഉന്നത സമിതിയായ പാർലമെന്ററി ബോർഡ് യോഗത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. തമിഴ്നാട് സ്വദേശിയാണ് രാധാകൃഷ്ണൻ.
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി പദം രാജിവച്ച ഒഴിവിലേക്കാണ് പുതിയ സ്ഥാനാർഥിയെ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർ യോഗത്തില്‍ പങ്കെടുത്തു. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് ഉറപ്പാക്കാൻ പ്രതിപക്ഷത്തിന്റെ പിന്തുണ തേടുമെന്ന് ജെപി നഡ്ഡ പറഞ്ഞു. അതിനായി പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.