കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ചികില്‍സ തേടിയ രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു.
മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നാലാം ക്ലാസുകാരിച്ച മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പനി ബാധിച്ച് ചികില്‍സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
ഇരുവരുടെയും വീടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാംപിളുകള്‍ ശേഖരിച്ചു. താമരശ്ശേരിയില്‍ നാലാംക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടി നീന്തല്‍ പരിശീലിച്ച കുളത്തില്‍ ഉള്‍പ്പെടെ ആരും ഇറങ്ങരുതെന്നാണ് നിര്‍ദേശം. നാലാം ക്ലാസുകാരി പഠിച്ചിരുന്ന കോരങ്ങാട് എല്‍പി സ്‌കൂളില്‍ ആരോഗ്യവകുപ്പ് നാളെ ബോധവല്‍ക്കരണ ക്ലാസ് നടത്തും.