നിലമ്പൂർ-കോട്ടയം, നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസുകളിൽ കൂടുതൽ കോച്ചുകൾ അനുവദിച്ചു

തിരുവനന്തപുരം: നിലമ്പൂർ-കോട്ടയം, നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസുകളിൽ 2 സെക്കൻഡ് സിറ്റിങ് കോച്ചുകൾ കൂടി അനുവദിച്ചു. കോട്ടയം-കൊല്ലം പാസഞ്ചർ, കൊല്ലം-ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ-കൊല്ലം പാസഞ്ചർ, കൊല്ലം-തിരുവനന്തപുരം പാസഞ്ചർ, തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ എന്നിവയിലും കുടുതൽ കോച്ചുകൾ അനുവദിക്കും.


നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസിൽ 15 മുതലും കോട്ടയം-നിലമ്പൂർ, നിലമ്പൂർ-കോട്ടയം എക്‌സ്പ്രസുകളിൽ 16 മുതലും മറ്റു ട്രെയിനുകളിൽ 17 മുതലും അധിക കോച്ചുകൾ ഉണ്ടായിരിക്കും. ഷൊർണൂർ-നിലമ്പൂർ പാതയിലെ തിരക്ക് പരിഗണിച്ച് ട്രെയിനിൽ 2 റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ പ്രിയങ്ക ഗാന്ധി, ഇടി മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, പിവി അബ്ദുൾ വഹാബ്, കൊടിക്കുന്നിൽ സുരേഷ് എന്നിവർ റെയിൽവേ മന്ത്രിക്കു കത്തു നൽകിയിരുന്നു.


നിലമ്പൂർ പാതയിൽ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ നീളക്കുറവാണ് കോച്ചുകൾ കൂട്ടാനുള്ള പ്രധാന തടസമായി റെയിൽവേ പറയുന്നത്. നിലമ്പൂരിലെ പ്ലാറ്റ്‌ഫോമുകളുടെ കുറവും പുതിയ സർവീസുകൾ ലഭിക്കാൻ തടസമാണ്. താംബരംനിലമ്പൂർ ട്രെയിനിനും നിലമ്പൂരിൽ മൂന്നാം പ്ലാറ്റ്‌ഫോമിനുമായി നിവേദനം നൽകിയതായി നിലമ്പൂർ-മൈസൂരു റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.

Previous Post Next Post