ഓൺലൈൻ മദ്യ വിൽപന: നടപടികളുമായി ബെവ്‌കോ മുന്നോട്ട്, ആപ്പ് 10 ദിവസത്തിനകമെന്ന് ഹർഷിത അട്ടല്ലൂരി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ മദ്യ വിൽപനയുമായി ബന്ധപ്പെട്ട് നടപടികളുമായി ബെവ്‌കോ മുന്നോട്ട്. ഓൺലൈൻ മദ്യവിൽപ്പന സർക്കാരിന്റെ അജണ്ടയിൽ ഇല്ലെന്ന് എക്‌സൈസ് മന്ത്രിയുൾപ്പെടെ വ്യക്തമാക്കുന്നതിനിടെയാണ് നടപടികൾ പുരോഗമിക്കുന്നു എന്ന് ബെവ്‌കോ എംഡി ഹർഷിത അട്ടല്ലൂരി തന്നെ വ്യക്തമാക്കുന്നത്. സർക്കാരിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ മദ്യവിൽപനയ്ക്ക് ഡെലിവറി പാട്ണറെ കണ്ടെത്തും എന്നും ബെവ്‌കോ എംഡി മാധ്യമങ്ങളോട് പ്രതികരിച്ചു.


ആധുനികവത്കരണത്തിലൂടെ ബെവ്‌കോ പ്രാധാന്യം നൽകുന്നത് വിൽപന ഉയർത്തലും, ഉപഭോക്താക്കളുടെ സൗകര്യവുമാണ്. ഓൺലൈൻ വിൽപനയ്ക്ക് അനുമതി നൽകുമ്പോൾ സർക്കാരിന് വിവിധ വശങ്ങൾ പരിശോധിക്കേണ്ടിവരുമെന്നും ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി. ഓൺലൈൻ വിൽപനയ്ക്കായി പ്രത്യേക ആപ്പ് ബെവ്കോ തയ്യാറാക്കുന്നുണ്ട്. ആപ്ലിക്കേഷൻ പത്ത് ദിവസത്തിനകം തയ്യാറാകും. സർക്കാർ അനുമതി ലഭിച്ചാൽ ഓൺലൈൻ ഡെലിവറിയുമായി മുന്നോട്ട് പോകും. അല്ലാത്തപക്ഷം ആപ്പിലൂടെ മുൻകൂട്ടി ബുക്ക് ചെയ്ത് ഷോപ്പിൽ പോയി ക്യൂ ഒഴിവാക്കി മദ്യം വാങ്ങാൻ സാധിക്കുമെന്നും ബെവ്‌കോ എംഡി പറഞ്ഞു.


സംസ്ഥാനത്തെ ബെവ്‌കോ ഔട്ടലറ്റുകളെ തിരക്ക് കുറയ്ക്കുക എന്നതാണ് ഓൺലൈൻ ഡെലിവറി എന്നത് കൊണ്ട് ലക്ഷ്യമിടുന്നത്. ഇത് സാധ്യമായാൽ ബെവ്‌കോയ്ക്ക് 500 കോടിയിലേറെ അധിക വരുമാനം ലഭിക്കും. സംസ്ഥാനത്ത് 2083 മദ്യ വിൽപന ശാലകളാണുള്ളത്. ഇതാണ് ഔട്ട്‌ലറ്റുകളുടെ തിരക്കിന്റെ പ്രധാന കാരണം എന്നും ബെവ്‌കോ എംഡി ചൂണ്ടിക്കാട്ടി.


ഓൺലൈൻ ഭക്ഷണ വിതരണമാതൃകയിൽ ആണ് മദ്യ വിൽപനയും പരിഗണിക്കുന്നത്. ഇതിന് താത്പര്യം പ്രകടിപ്പിച്ച് സൊമാറ്റോ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സമീപിച്ചിട്ടുണ്ട്. വാതിൽപ്പടിയിൽ ലഭ്യമാക്കുമ്പോഴും വാങ്ങുന്ന ആളുടെ പ്രായം ഉൾപ്പെടെ പരിശോധിച്ച ശേഷമായിരിക്കും മദ്യം കൈമാറുകയെന്നും ബെവ്‌കോ എംഡി വ്യക്തമാക്കി. വീടുകൾ ബാറായി മാറും എന്ന വിമർശനം തള്ളിയ എംഡി ഇപ്പോഴും ബെവ്‌കോയിൽ നിന്ന് വാങ്ങുന്ന മദ്യം വീട്ടിലെത്തിച്ചാണ് കുടിക്കുന്നത് എന്നും ഓർമ്മിപ്പിക്കുന്നു.

Previous Post Next Post