റായ്പൂർ: മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ ജയിലിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പൂർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ഇന്നലെ വാദം പൂർത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സിറാജുദ്ദീൻ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്.
സംസ്ഥാന സർക്കാർ ജാമ്യാപേക്ഷയെ എതിർക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിൻമേലാണ് ഇന്നലെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നു ചുണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു. അതേസമയം കസ്റ്റഡിയിൽ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് വേണ്ട എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
വ്യക്തമായ തെളിവുകൾ ഇല്ലാതെയാണ് ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് കന്യാസ്ത്രീകൾക്കുവേണ്ടി ഹാജരായ അമൃതോദോസ് വാദിച്ചു. ഊഹങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യം നടന്നുവെന്ന് പറയാനാകില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടാത്തതിനാൽ അവർ ജയിലിൽ തുടരേണ്ട കാര്യമില്ല. കന്യാസ്ത്രീകൾക്ക് ഒരുതരത്തിലുമുള്ള ക്രിമിനൽ പശ്ചാത്തലമില്ലെന്നതും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കന്യാസ്ത്രീകൾക്കെതിരെ എന്തുതെളിവാണ് ഉളളതെന്ന് കോടതി ചോദിച്ചപ്പോഴാണ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് പ്രോസിക്യൂഷൻ മറുപടി നൽകിയത്. കന്യാസ്ത്രീകൾക്കെതിരെ പരാതി നൽകിയ ബജ്‌റംഗ്ദൾ പ്രവർത്തകർക്കായി ഹാജരായ അഭിഭാഷകനും ജാമ്യത്തെ എതിർത്തു.
മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാൻ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നൽകിയത്. അറസ്റ്റിലായ അന്നുമുതൽ ഇവർ ജ്യൂഡീഷ്യൽ കസ്റ്റഡിയിൽ ദുർഗ് സെൻട്രൽ ജയിലിലാണ്.