തിരുവനന്തപുരം: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ കേരള സ്റ്റോറിയ്ക്ക് ലഭിച്ച അംഗീകാരങ്ങൾക്കെതിരെ വ്യാപക വിമർശനം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തുടങ്ങിയവർ വിമർശനവുമായി രംഗത്തെത്തി. കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചതിലൂടെ മത സാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെ് അവാർഡ് ജൂറി അവഹേളിച്ചെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് സിനിമയുടെ പേര് പറയാതെയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് നടപ്പാക്കിയത്. ഇതിനെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണം. കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം എന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.
ദേശീയ ചലച്ചിത്ര പുരസ്കാരത്തിലും ബിജെപി സർക്കാർ ലക്ഷ്യമിടുന്നത് വിദ്വേഷ കാംപയിൻ ആണെന്നും മത വിദ്വേഷം മാത്രം ലക്ഷ്യമിട്ടാണ് 'ദി കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് പുരസ്കാരം നൽകിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ക്രൈസ്തവ വേട്ടയ്ക്ക് നേതൃത്വം നൽകുന്ന സംഘ്പരിവാറും ബി.ജെ.പി ഭരണകൂടവും ദേശീയ ചലച്ചിത്ര പുരസ്കാരത്തെയും രാഷ്ട്രീയവത്ക്കരിച്ചിരിക്കുകയാണ്. വിഭജനത്തിൻ്റെ രാഷ്ട്രീയം നടപ്പാക്കുന്ന ബി.ജെ.പിയും സംഘ്പരിവാറും കേരളത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സമാനമായ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നൽകുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. 'ദ കേരള സ്റ്റോറി'ക്ക് ലഭിച്ച പുരസ്‌കാരം കലയോടുള്ള നീതിയല്ല മറിച്ച് സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കുള്ള അംഗീകാരമാണ്. ഇത്തരം പ്രവണതകൾ രാജ്യത്തിന്റെ ബഹുസ്വരതക്ക് ഒട്ടും ചേർന്നതല്ലെന്നും മന്ത്രി കുറിച്ചു. മികച്ച സംവിധായകൻ, സുദിപ്തോ സെൻ, മികച്ച ഛായാഗ്രഹണം എന്നീ പുരസ്താരങ്ങളായിരുന്നു 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ കേരള സ്റ്റോറിക്ക് ലഭിച്ചത്.
അതേസമയം, ഈ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് മലയാള സിനിമ കരസ്ഥമാക്കിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുല്യ പ്രതിഭയാൽ മലയാള സിനിമയെ സമ്പന്നമാക്കിയ ഉർവശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്‌കാരങ്ങൾ നേടിയത് ഈ നിമിഷത്തിന്റെ തിളക്കം കൂട്ടുന്നു. കൂടുതൽ മികവുറ്റ സിനിമകളുമായി പുതിയ ഉയരങ്ങളിലേക്ക് കുതിക്കാൻ ഈ അവാർഡുകൾ മലയാള സിനിമയ്ക്ക് പ്രചോദനം പകരട്ടെ എന്ന് ആശംസിക്കുന്നതായും മുഖ്യമന്ത്രി പ്രതികരിച്ചു.