നെഹ്‌റു ട്രോഫിയിൽ മുത്തമിടാന്‍ ജില്ലയില്‍നിന്നു നാലു ടീമുകള്‍; കുമരകം ടൗണിൻ്റെ സാരഥിയായി ടോണി അച്ചായനും ഇറങ്ങുന്നു

ഓളപ്പരപ്പിലെ ഒളിംപിക്‌സ് എന്നറിയപ്പെടുന്ന ആലപ്പുഴ പുന്നമട കായലില്‍ ഇന്നു നടക്കുന്ന നെഹ്‌റു ട്രോഫി മത്സരത്തില്‍ വിജയിച്ചു പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു വിന്റെ കൈയ്യൊപ്പു പതിഞ്ഞ വെള്ളികപ്പില്‍ മുത്തമിടാന്‍ ജില്ലയില്‍ നിന്നും ഇത്തവണ നാലു ചുണ്ടന്‍ വള്ളങ്ങള്‍ മാറ്റുരയ്‌ക്കും.

കുമരകം ബോട്ട്‌ ക്ലബ്‌, കുമരകം ടൗണ്‍ ബോട്ട്‌ ക്ലബ്‌, ചങ്ങനാശേരി ബോട്ട്‌ ക്ലബ്‌ എന്നിവക്കു പുറമെ കുമരകത്തുനിന്ന്‌ ഇമാനുവല്‍ എന്ന പുതിയ ക്ലബുമാണു മത്സരരംഗത്തുള്ളത്‌. വിവിധ ആരാധനാലയങ്ങളില്‍ നേര്‍ച്ചകള്‍ നേര്‍ന്ന്‌ പ്രാര്‍ഥനയോടെ തങ്ങളുടെ കരയില്‍ നിന്നും മത്സരിക്കുന്ന ചുണ്ടന്‍ വള്ളം നെഹ്‌റു ട്രോഫി ഈ വര്‍ഷം നേടി എടുക്കുന്നതു കാണുവാന്‍ എല്ലാ കരകളും ഒരുങ്ങിക്കഴിഞ്ഞു.
ഇക്കുറി നെഹ്‌റു ട്രോഫിക്കായി രണ്ടു ജലരാജാക്കന്മാരാണു കുമരകത്തു നിന്നും പുന്നമയക്കായലില്‍ എത്തുക. പതിറ്റാണ്ടുകള്‍ക്കു മുമ്ബു കുമരകത്തു നിന്നും കുമരകം ബോട്ട്‌ ക്ലബ്‌ എന്ന പേരില്‍ ഒരേ ഒരു ക്ലബാണു മത്സരിച്ചിരുന്നത്‌. പിന്നീട്‌ പല ക്ലബുകളും നെഹ്‌റു ട്രോഫിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍, ഇക്കുറി രണ്ടു ക്ലബുകള്‍ മാത്രമാണു മത്സരരംഗത്തു ചുണ്ടന്‍ വള്ളത്തില്‍ മത്സരിക്കുന്നത്‌. സാമ്ബത്തിക ബാധ്യതകളേത്തുടര്‍ന്നു പല ക്ലബുകളും വള്ളംകളി രംഗത്തു നിന്ന്‌ ഒഴിവായി. രണ്ടു ക്ലബുകള്‍ ഒരു കരയില്‍ നിന്നുമെത്തുന്നതിനാല്‍ തന്നെ നെഹ്‌റുട്രോഫി ആരു നേടും എന്ന ആകാംഷയിലാണു വള്ളംകളി പ്രേമികള്‍. കുമരകം മുത്തേരിമടയില്‍ ഇരു ക്ലബുകളും തങ്ങളുടെ മെയ്‌ക്കരുത്തു പ്രദര്‍ശന മത്സരത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വെള്ളികപ്പ്‌ കുമരകത്ത്‌ എത്തുമെന്ന പ്രതീക്ഷയിലാണു ജലോത്സവപ്രേമികള്‍. മത്സരത്തിന്‌ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നാട്ടുകാരായ തുഴച്ചില്‍ക്കാരും മറ്റു സംസ്‌ഥാനങ്ങളിലെ തുഴച്ചില്‍ക്കാരും ചേര്‍ന്നു തുഴയുന്ന ചുണ്ടന്‍ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുമ്ബോള്‍ ഇക്കുറി കോട്ടയം ജില്ലയില്‍ തന്നെ നെഹ്‌റു ട്രോഫി എത്തും എന്ന ഉറച്ച പ്രതീക്ഷയിലാണു കരക്കാര്‍. ഇന്നു വെളുപ്പിനെ തന്നെ എല്ലാ ചുണ്ടന്‍ വള്ളങ്ങളേയും നൂറുകണക്കിന്‌ ആളുകള്‍ ചേര്‍ന്നു തങ്ങളുടെ പ്രീയപ്പെട്ട ടീമുകളെ അതാതു കരക്കാരും , ജലോല്‍സവപ്രേമികളും ചേര്‍ന്നു പുന്നമടയിലേക്കു പ്രാര്‍ഥനയോടെ യാത്രയാക്കും. ഇനി നെഹ്‌റു ട്രോഫിയുമായി ഏതു ചുണ്ടന്‍ വള്ളം എത്തുമെന്നത്‌ അറിയുവാനുള്ള ആകാംഷയുടെ നിമിഷങ്ങള്‍ മാത്രം.
ഇമ്മാനുവേല്‍ ബോട്ട്‌ ക്ലബ്‌ കുമരകം (നടുവിലേപ്പറമ്ബന്‍)

നടുവിലേപ്പറമ്ബന്‍ ചുണ്ടനിലാണ്‌ ഇക്കുറി പുതിയ ബോട്ട്‌ ക്ലബ്‌ ആയ ഐ.ബി.സി നെഹ്‌റുട്രോഫിക്കായി മത്സരിക്കുക, കുമരകത്തിന്റെ സ്വന്തം ചുണ്ടന്‍ നടുവിലേപ്പറമ്ബന്റെ ക്യാപ്‌റ്റന്‍ വള്ളം ഉടമ കൂടി ആയ ജിഫി ഫെലിക്‌സ് നടുവിലേപ്പറമ്ബിലാണ്‌, തികഞ്ഞ വിജയ പ്രതീക്ഷയിലാണ്‌ ഇമ്മാനുവേല്‍ ബോട്ട്‌ ക്ലബ്‌.

ചങ്ങനാശേരി ബോട്ട്‌ ക്ലബ്‌ (ചമ്ബക്കുളം)

കഴിഞ്ഞ നെഹ്‌റുട്രോഫിയില്‍ ആദ്യമായി ചുണ്ടന്‍ ചുണ്ടന്‍ വള്ളത്തില്‍ മത്സരിച്ച്‌ മികച്ച പ്രകടനം നടത്തിയ ചങ്ങനാശേരി ബോട്ട്‌ ക്ലബ്‌ ഇത്തവണ യുവത്വത്തിന്റെ കരുത്തിലാണു ചമ്ബക്കുളം ചുണ്ടനില്‍ നെഹ്‌റു ട്രോഫി മത്സരത്തിന്‌ എത്തുന്നത്‌. സണ്ണി തോമസ്‌ ഇടിമണ്ണിക്കലാണു ക്യാപ്‌റ്റന്‍.

കുമരകം ടൗണ്‍ ബോട്ട്‌ ക്ലബ്‌ (പായിപ്പാടന്‍)

പായിപ്പാടന്‍ പുത്തന്‍ ചൂണ്ടനിലാണ്‌ ഇത്തവണ ഇവര്‍ നെഹ്‌റു ട്രോഫിക്ക്‌ എത്തുന്നത്‌. ടോണിയാണ്‌ ക്യാപ്‌റ്റന്‍.
1998 ല്‍ കുമരകം ടൗണ്‍ ബോട്ട്‌ ക്ലബ്‌ രൂപീകൃതമായി. 1999 ല്‍ ആലപ്പാട്‌ ചൂണ്ടനില്‍ ആദ്യ വിജയം കരസ്‌ഥമാക്കി. ഹാട്രിക്ക്‌ ഉള്‍പ്പടെ നിരവധി വിജയങ്ങള്‍ നേടിയ ടീമാണു കുമരകം ടൗണ്‍ ബോട്ട്‌ ക്ലബ്‌. 2004 ല്‍ ചെറുതന ചുണ്ടനിലും 2005,2006,2007 വര്‍ഷങ്ങളില്‍ പായിപ്പാട്‌ ചുണ്ടനിലും നെഹ്‌റുട്രോഫി കരസ്‌ഥമാക്കി. 25 വര്‍ഷങ്ങള്‍ക്കു ശേഷം ജവഹര്‍ തായങ്കരി ചുണ്ടനെ വിജയകിരീടമണിയച്ച പാരമ്ബര്യവും ഇവര്‍ക്കു സ്വന്തം.

വെള്ളൂര്‍ ബോട്ട്‌ ക്ലബ്‌ (ആലപ്പാടന്‍ ചുണ്ടന്‍ )

നെഹ്‌റു ട്രോഫിയില്‍ ചുണ്ടന്‍ വള്ളത്തില്‍ കന്നിമത്സരത്തില്‍ പങ്കെടുക്കുന്ന വെള്ളൂര്‍ ടീം ആലപ്പാടന്‍ ചുണ്ടനില്‍ മത്സരിക്കും. പി.വി.രാജു ക്യാപ്‌റ്റനായിട്ടാണു വള്ളത്തെ നയിക്കുന്നത്‌.
Previous Post Next Post