കണ്ണൂർ : കല്ലാളത്തില്‍ പ്രേമരാജനും ഭാര്യ ശ്രീലേഖയും പൊള്ളലേറ്റ് മരിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ബന്ധുക്കളെപ്പോലെ അയല്‍വാസികളും.
ബഹ്റൈനിലായിരുന്ന മകൻ ഷിബിൻ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസം തന്നെയാണ് വയോധിക ദമ്ബതിമാരെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷിബിനെ കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാനായി സമീപവാസിയായ കണ്ണനിവാസില്‍ സരോഷ് വൈകിട്ട് അഞ്ചുമണിയോടെ പ്രേമരാജന്റെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. പലതവണ വിളിച്ചിട്ടും വാതില്‍ തുറക്കുകയോ ഫോണെടുക്കുകയോ ചെയ്യാതിരുന്നതോടെയാണ് സമീപവാസികളെക്കൂട്ടി പോലീസില്‍ വിവരമറിയിച്ചത്. പോലീസ് നിർദേശിച്ചതനുസരിച്ച് വാതില്‍ തുറന്നപ്പോഴാണ് കിടപ്പുമുറിയില്‍ ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ രണ്ടുപേരുടെയും മൃതദേഹം കണ്ടതെന്ന് സരോഷ് പറഞ്ഞു. രണ്ടുപേരും നിലത്താണ് കിടന്നിരുന്നത്. അപ്പോഴേക്കും വിമാനമിറങ്ങിയ ഷിബിൻ സരോഷിനെ വിളിച്ചിരുന്നു. സംഭവം പറഞ്ഞതോടെ ഷിബിൻ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.
ശ്രീലേഖയുടെ തലയ്ക്കുപിറകില്‍ രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നുവെന്ന് വീടിനകത്ത് കയറിയ അയല്‍വാസികള്‍ പറഞ്ഞു. കിടക്കയില്‍ ചുറ്റികയും കണ്ടു. സ്ഥലത്തെത്തിയ പോലീസും ഫൊറൻസിക് വിദഗ്ധരും പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കി. ഓസട്രേലിയയില്‍ ജോലിചെയ്യുന്ന ഇരുവരുടെയും മൂത്തമകൻ പ്രബിത്ത് പ്രേമരാജൻ അടുത്തിടെയാണ് നാട്ടില്‍വന്ന് തിരിച്ചുപോയത്. സാമ്ബത്തികപ്രയാസങ്ങളൊന്നുമില്ലാത്ത ഇരുവരുടെയും ദുരൂഹത നിറഞ്ഞ മരണം അയല്‍വാസികള്‍ക്കും ബന്ധുക്കള്‍ക്കും ഉള്‍ക്കൊള്ളാൻ പറ്റുന്നില്ല. മകനെ കൂട്ടിക്കൊണ്ടുവരാൻ രണ്ടുദിവസം മുൻപാണ് സരോഷിനെ ഏല്‍പ്പിച്ചത്.
വ്യാഴാഴ്ച രാവിലെ മുതല്‍ ഇരുവരെയും ഫോണില്‍ കിട്ടിയിരുന്നില്ലെന്ന് അയല്‍വാസി സവാദ് പറഞ്ഞു. വിളിച്ച് കിട്ടാതായതോടെ വൈകിട്ട് മരുമകള്‍ വിഞ്ജു തന്റെ സഹോദരിയെ വിളിച്ചതുപ്രകാരം പോയിനോക്കുമ്ബോഴാണ് മറ്റുള്ളവർ വീടുതുറക്കുന്നത് കണ്ടത്. ബുധനാഴ്ചയും ഇരുവരെയും പുറത്ത് കണ്ടിരുന്നില്ലെങ്കിലും തന്റെ സഹോദരിയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും സവാദ് ഓർക്കുന്നു.
രാത്രി വൈകിയിട്ടും പതിവില്ലാതെ വീട്ടില്‍ വെളിച്ചം കണ്ടിരുന്നുവെന്നും സവാദ് പറഞ്ഞു. മുഴുവൻ സമയം വീട്ടിലും മറ്റും വിവിധ ജോലികളിലേർപ്പെട്ട് ഊർജ്ജസ്വലരായിരുന്നു ഇരുവരുമെന്ന് അയല്‍വാസികള്‍ പറയുന്നു. എല്ലാവരോടും നല്ല ബന്ധം സൂക്ഷിച്ച ഇരുവരുടെയും വേർപാട് വിശ്വസിക്കാനാകാതെ വിങ്ങുകയാണ് അവരെല്ലാം.