താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; പ്രഭവകേന്ദ്രം 80 അടി ഉയരത്തില്‍, സോയില്‍ പൈപ്പിങ് പരിശോധിക്കുന്നു; ഗതാഗതം സുരക്ഷിതമല്ലെന്ന് മന്ത്രി

കോഴിക്കോട് - വയനാട് പാതയിലെ താമരശ്ശേരി ചുരത്തില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ഗൗരവകരമെന്ന് റവന്യൂ മന്ത്രി കെ രാജന്‍.

80 അടി മുകളില്‍ നിന്നാണ് മണ്ണിടിച്ചിലിന്റെ പ്രഭവ കേന്ദ്രം. പാറകള്‍ ബ്ലോക്കുകളായി ചിതറിയ നിലയിലാണുള്ളത്. പാറയിലെ പൊട്ടലുകള്‍ താഴേക്ക് പോയിട്ടുണ്ടോ എന്ന് പരിശോധിക്കണം. സോയില്‍ പൈപ്പിങ് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ മൂലം റോഡിന് കേടുപാടുകളോ ഭീഷണിയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കെ രാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവിലെ സാഹചര്യങ്ങള്‍ വിശദമായി പരിശോധിക്കാതെ വലിയ വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയില്ല. അത്തരം ഒരു റിസ്‌ക് എടുക്കാന്‍ സാധിക്കില്ല. ഭാരം വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ കടത്തിവിടാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നും റവന്യൂ മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി കുറ്റ്യാടി ചുരം പൂര്‍ണ ഗതാഗത സജ്ജമാക്കുക എന്ന നിലയിലാണ് നിലവില്‍ ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത്. മഴ മാറി നിന്നാല്‍ വിദഗ്ധ പരിശോധനയുള്‍പ്പെടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഇതിന് ശേഷം മാത്രമായിരിക്കും വാഹന ഗതാഗതം സംബന്ധിച്ച തുടര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ, താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വയനാട് ചുരം വ്യൂ പോയിന്റില്‍ വീണ്ടും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തി. ദുരന്ത നിവാരണ നിയമം 2005 സെക്ഷന്‍ 34 (ബി) 34 (സി) 34 (എം) പ്രകാരമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആംബുലന്‍സ്, ആശുപത്രി, പാല്‍, പത്രം, ഇന്ധനം തുടങ്ങിയ അടിയന്തര സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്.
Previous Post Next Post