വിവാദങ്ങൾക്കിടെ ശ്വേത മേനോന് പിന്തുണയുമായി നടൻ റഹ്മാൻ. ശ്വേതയ്‌ക്കെതിരായ ആരോപണങ്ങൾ ആസൂത്രിതമാണെന്നാണ് റഹ്മാൻ പറയുന്നത്. ശ്വേതയുടെ പേര് നശിപ്പിച്ച് അമ്മയുടെ തിരഞ്ഞെടുപ്പ് വിജയിക്കുന്നത് തടയുകയാണ് ആരോപണങ്ങളുടെ പിന്നിലെ ലക്ഷ്യമെന്നും റഹ്മാൻ തുറന്നടിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഹ്മാന്റെ പ്രതികരണം
റഹ്മാന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
പ്രിയപ്പെട്ട ശ്വേത,
നിനക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണത്തെക്കുറിച്ച് വായിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഈ അനീതിയ്‌ക്കെിതാരായ ദേഷ്യം കൊണ്ട് എന്റെ ഹൃദയം നിറയുകയാണ്.
എനിക്ക് നിന്നെ ഏതാണ്ട് മൂന്ന് പതിറ്റാണ്ടായി അറിയാം. ഈ കാലമത്രയും നീ വളരെ നല്ലൊരു സുഹൃത്തായിരുന്നു. നമ്മുടെ ഇൻഡസ്ട്രിയിൽ ഞാൻ കണ്ടുമുട്ടിയിട്ടുള്ള സത്യസന്ധതയും അനുകമ്പയുമുള്ള ചിലരിൽ ഒരാൾ. നമ്മൾ ഒരു സിനിമയിൽ മാത്രമേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. എങ്കിലും, നമ്മൾ ചെയ്ത ഷോകളിലൂടേയും മറ്റും ഒരുമിച്ച് പങ്കിട്ട സമയങ്ങൾ മതി എനിക്ക് നിന്റെ ക്യാരക്ടർ മനസിലാക്കാനും നമ്മളുടെ സൗഹൃദത്തെ നിധി പോലെ കാക്കാനും.
ആ ഷോകൾക്കിടെ നീ എങ്ങനെയാണ് മറ്റുള്ളവരോട് കരുതലോടെ പെരുമാറിയതെന്ന് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. സഹതാരങ്ങളോടും, പ്രത്യേകിച്ചും പുതുമുഖങ്ങളോട്, ക്രൂവിലുള്ളവരോടും ഓർഗനൈസർമാരോടും ആരാധകരോടും നീ പെരുമാറിയത് എങ്ങനെയെന്ന് കണ്ടിട്ടുണ്ട്. സുഖമില്ലാതിരുന്ന ക്രൂ മെമ്പർമാർക്ക്, ഒരു നന്ദിയും പ്രതീക്ഷിക്കാതെ നിശബ്ദമായി നീ മരുന്ന് വാങ്ങിയത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. എല്ലാവരേയും പൊസിഷൻ നോക്കാതെ തന്നെ നീ ബഹുമാനിച്ചു. നീയെന്ന വ്യക്തിയെക്കുറിച്ച് ആ നിമിഷങ്ങൾ സംസാരിക്കുന്നുണ്ട്.
ഇപ്പോഴത്തെ ഈ സാഹചര്യം വെറും വിവരക്കേടാണ്. ഈ വൃത്തികെട്ട പ്രവൃത്തിയ്ക്ക് പിന്നിലുള്ളവരെക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്കും മെഹറിനും അമ്പരപ്പും അറപ്പും തോന്നുന്നുണ്ട്. നിന്റെ പേര് നശിപ്പിക്കുക, അത് വഴി മലയാളം ആർട്ടിസ്റ്റുകളുടെ സംഘടനയുടെ പ്രസിഡന്റാകുന്നതിൽ നിന്നും നിന്നെ തടയുക എന്ന ഉദ്ദേശത്തോടു കൂടിയുള്ള നീക്കമാണിതെന്ന് എനിക്ക് ഉറപ്പാണ്. ഇത്തരം വൃത്തികെട്ട കളികൾ രാഷ്ട്രീയത്തിൽ പതിവാണ്. പക്ഷെ നമ്മുടെ സിനിമ ഇൻഡസ്ട്രിയിലും സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
കുറേക്കൂടി നേരത്തെ ബന്ധപ്പെടാതിരുന്നതിൽ എന്നോട് ക്ഷമിക്കണം. ഫുഡ് പോയ്‌സണായിരുന്നു. കൂടാതെ എന്റെ പ്രിയ സുഹൃത്ത് ഷാനവാസിനെ നഷ്ടമായതും എന്നെ കുറച്ച് നേരത്തേക്ക് നിശബ്ദനാക്കി. എന്റെ വാക്കുകൾ നിനക്കുള്ളതാണ്. പക്ഷെ ഞാൻ എവിടെ നിൽക്കുന്നുവെന്ന് പൊതുജനവും അറിയണം. ചില മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിക്കുമെന്ന് എനിക്കറിയാം. പക്ഷെ ഞാൻ അതൊന്നും കാര്യമാക്കുന്നില്ല.
ശ്വേത, നിന്റെ മനോധൈര്യം കൈവിടരുത്. ഇന്നത്തെ നിലയിലേക്ക് എത്താൻ നീ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ആരുടേയും സഹായമില്ലാതെ, കഠിനാധ്വാനവും കരുത്തും കൊണ്ടാണ് നീയിത് നേടിയത്. ഈ കൊടുങ്കാറ്റിനേക്കാൾ കരുത്ത് നിനക്കുണ്ട്. നിന്നെ ദ്രോഹിക്കാൻ ശ്രമിച്ചവർ ഒരുനാൾ തങ്ങളുടെ പ്രവൃത്തികളുടെ അനന്തരഫലം അനുഭവിക്കും. മലയാളം ആർട്ടിസ്റ്റുകളുടെ അസോസിയേഷന് നീയൊരു മികച്ച പ്രസിഡന്റാകുമെന്നതിൽ എനിക്കൊരു സംശയവുമില്ല. നിനക്കൊപ്പം പരിപൂർണ പിന്തുണയുമായി ഞാനുമുണ്ട്.
സൗഹൃദത്തോടേയും ബഹുമാനത്തോടേയും
റഹ്മാൻ