ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനിൽ ഉണ്ടാക്കിയ നാശ നഷ്ടങ്ങൾ വെളിപ്പെടുത്തി വ്യോമസേനാ മേധാവി. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ അഞ്ച് യുദ്ധ വിമാനങ്ങളും ഒരു വലിയ വിമാനവും വെടിവച്ചിട്ടെന്നാണ് എയർ ചീഫ് മാർഷൽ എപി സിങ്ങിന്റെ വെളിപ്പെടുത്തൽ. ഇതാദ്യമായാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ ആക്രമണം ഉണ്ടാക്കിയ നാശനഷ്ടങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടുന്നത്. ബംഗളൂരുവിൽ പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ വ്യോമസേന അതിന്റെ ചരിത്രത്തിൽ പ്രതിയോഗികൾക്ക് ഉണ്ടാക്കിയ ഏറ്റവും വലിയ നാശനഷ്ടമാണ് ഓപ്പറേഷൻ സിന്ദൂറിലേതെന്നും എയർ ചീഫ് മാർഷൽ അറിയിച്ചു. അഞ്ച് യുദ്ധ വിമാനങ്ങൾ, എലിന്റ് വിമാനമോ അല്ലെങ്കിൽ ഒരു എഇഡബ്ല്യു & സി വിഭാഗത്തിൽപ്പെടുന്ന ഒരു വലിയ വിമാനം (മുന്നറിയിപ്പുകൾ നൽകാൻ ഉപയോഗിക്കുന്നത്) എന്നിവയാണ് വ്യോമസേന വെടിവച്ചിട്ടത്.
ഓപ്പറേഷൻ സിന്ദൂറിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായ ഷഹബാസ് ജേക്കബാദ് എയർഫീൽഡിലെ ഒരു എഫ്-16 ഹാംഗർ ഭാഗികമായി തകർക്കാൻ കഴിഞ്ഞു. ഇവിടെ സൂക്ഷിച്ചിരുന്ന വിമാനങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിരിക്കാൻ ഇടയുണ്ട്. മുറിദ്, ചക്ലാല തുടങ്ങി രണ്ട് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളിലും ആക്രമണം നടത്തി. എ16 എയർക്രാഫ്റ്റുകൾ ഉൾപ്പെടെ സൂക്ഷിച്ചിരുന്ന ഇടമാണിത്. 80 മുതൽ 90 മണിക്കൂർ വരെ നീണ്ടുനിന്ന ഒരു ഹൈടെക് ഇന്ത്യ - പാക് സംഘർഷം ഉണ്ടാക്കിയ നാശനഷ്ടങ്ങളാണ് പാകിസ്താനെ ചർച്ചകളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത് എന്നും വ്യോമ സേന മേധാവി അവകാശപ്പെട്ടു.
'അതൊരു ഹൈടെക് യുദ്ധമായിരുന്നു. 80 മുതൽ 90 മണിക്കൂർ വരെ നീണ്ടുനിന്ന യുദ്ധത്തിൽ, പാകിസ്ഥാനിൽ വലിയ നാശം വിതയ്ക്കാൻ കഴിഞ്ഞു. ഇനിയും പ്രകോപനത്തിന് മുതിർന്നാൽ വലിയ വിലനൽകേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഡിജിഎംഒ തല ചർച്ചകൾക്ക് പാകിസ്ഥാൻ മുതിർന്നത്. ചർച്ചകൾക്ക് താത്പര്യമുണ്ടെന്ന് സന്ദേശം ലഭിച്ചിരുന്നു എന്നും വ്യോമസേന മേധാവി അടിവരയിടുന്നു. ഇന്ത്യ - പാക് സംഘർഷം പരിഹരിക്കാൻ താൻ ഇടപെട്ടിരുന്നു എന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശ വാദം ഒരിക്കൽ കൂടി തള്ളുന്നതാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ. രാജ്യങ്ങളുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് ശേഷമാണ് ശത്രുത അവസാനിച്ചതെന്ന് ഇന്ത്യൻ വാദം ഉറപ്പിക്കുകയാണ് വ്യോമ സേനാ മേധാവിയും.
ഇന്ത്യയിലെ ഭരണാധികാരികളുടെ രാഷ്ട്രീയ ഇച്ഛാശക്തിയും ഓപ്പറേഷൻ സിന്ദൂറിൽ നിർണായകമായെന്ന് വ്യോസേന മേധാവി പറഞ്ഞു. സൈനിക നീക്കങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയായിരുന്നു. ദൗത്യത്തിന് ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ചുമത്തിയിരുന്നില്ല. ദൗത്യം ആസുത്രണം ചെയ്യാനും പ്രഹരത്തിന്റെ ശേഷി തീരുമാനിക്കാനും സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നും വ്യോമസേന മേധാവി ചൂണ്ടിക്കാട്ടി.