തിരുവനന്തപുരം: സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. കെഎസ്എഫ്ഡിസി പണം കൊടുക്കുമ്പോൾ സുതാര്യത വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന് ശ്രീകുമാരൻ തമ്പി ചോദിച്ചു. അടൂരിന്റെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ല. മന്ത്രിമാരുമായി വരെ അടുപ്പമുള്ള പ്രമുഖരുടെ പേരുള്ളത് കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് മാറ്റിവെച്ചതെന്നും ശ്രീകുമാരൻ തമ്പി ആരോപിച്ചു.
പട്ടികജാതി വിഭാഗക്കാരെ അപമാനിച്ചു എന്നു പറയുന്നത് ശരിയല്ല. ഇന്ന് ലോകം അംഗീകരിച്ച ജീവിച്ചിരിക്കുന്ന സംവിധായകരിലൊരാളാണ് അടൂർ ഗോപാലകൃഷ്ണൻ. എത്രയെത്ര പുരസ്‌കാരങ്ങൾ ലഭിച്ച വ്യക്തിയാണ് അടൂർ. സത്യജിത് റായ് പോലും തന്റെ പിൻഗാമിയെന്ന് അംഗീകരിച്ച വ്യക്തിയാണ് അദ്ദേഹം. അങ്ങനെയൊരാൾക്ക് അർഹതയുള്ളതുകൊണ്ടാണ് സിനിമാ കോൺക്ലേവ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ചതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.
ദാദാസാഹേബ് ഫാൽക്കേ അവാർഡ് ലഭിച്ച സംവിധായകനാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കെ തടസ്സപ്പെടുത്തി അഭിപ്രായം പറഞ്ഞത് തെറ്റാണ്. സംസ്‌കാരശൂന്യതയാണ്. പട്ടികജാതി -പട്ടിക വർഗം എന്നു പറഞ്ഞാൽ ഉടനെ അവരെ അപമാനിക്കലാണോ ?. അവർക്കല്ലേ പണം കൊടുക്കുന്നത്. അവർക്ക് സിനിമയിൽ പശ്ചാത്തലം ഇല്ലാത്തവരാണെങ്കിൽ, അവർക്ക് ഒന്നരക്കോടി കൊടുക്കുന്നതിന് മുമ്പ് ചെറിയ പരിശീലനം കൊടുക്കണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു.
അടൂർ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ തടസ്സപ്പെടുത്തി പുഷ്പവതി സംസാരിച്ചത് തെറ്റാണ്. പ്രസംഗത്തിനിടെ പ്രതിഷേധിച്ചത് ആളാകാൻ വേണ്ടിയാണ്. അവരെ എല്ലാവരും അറിഞ്ഞില്ലേ. അടൂർ പ്രസംഗിച്ചശേഷം അവർക്ക് അഭിപ്രായം പറയാമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് എന്തു പറ്റിയെന്ന് ഇപ്പോഴും ചോദിക്കുകയാണ്. ആ റിപ്പോർട്ടിലുള്ള ചില വ്യക്തികൾ മന്ത്രിമാർക്ക് വരെ വേണ്ടപ്പെട്ടവരാണ്. രാഷ്ട്രീയക്കാർക്ക് വേണ്ടപ്പെട്ടവരായതിനാൽ അവരെ ഒഴിവാക്കാൻ വേണ്ടി അതെല്ലാം മാറ്റിക്കളഞ്ഞു. കുറ്റം പറഞ്ഞ സ്ത്രീകൾ അവസാന നിമിഷം പിന്മാറി. താൻ സിനിമയിൽ വന്നിട്ട് അരനൂറ്റാണ്ടിലേറെയായി. ജനാധിപത്യമോ സോഷ്യലിസമോ ഇല്ല, ഏകാധിപത്യം മാത്രമാണ് സിനിമയിലുള്ളത്. ഇരുപതോ ഇരുപത്തഞ്ചോ പേരടങ്ങുന്ന സംഘത്തിന്റെ ഏകാധിപത്യമാണ് സിനിമയിലുള്ളതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.