നിമിഷപ്രിയയുടെ മോചനത്തിനായി ആറംഗ നയതന്ത്ര സംഘത്തെ നിയോഗിക്കണം; ആവശ്യവുമായി ആക്ഷന്‍ കൗണ്‍സില്‍

കൊച്ചി: നിമിഷപ്രിയയുടെ മോചന ശ്രമത്തിനായി ആറംഗ സംഘത്തെ കേന്ദ്രസർക്കാർ നിയോഗിക്കണമെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ. സുപ്രീംകോടതിയിൽ ആക്ഷൻ കൗൺസിൽ ഈ ആവശ്യം ഉന്നയിക്കും. രണ്ടുപേർ ആക്ഷൻ കൗൺസിൽ പ്രതിനിധികളും രണ്ടു പേർ കാന്തപുരം അബൂബക്കർ മുസ്ലിയാറിന്റെ പ്രതിനിധികളും രണ്ടു പേർ കേന്ദ്രസർക്കാർ നിർദേശിക്കുന്ന ഉദ്യോഗസ്ഥരും എന്ന രീതിയിൽ സംഘത്തെ നിയോഗിക്കാനാണ് കൗൺസിൽ ആവശ്യപ്പെടുക.


ആക്ഷൻ കൗൺസിൽ പ്രതിനിധികളായി സുപ്രീം കോടതി അഭിഭാഷകനും കൗൺസിൽ നിയമോപദേഷ്ടാവുമായ അഡ്വ. സുഭാഷ് ചന്ദ്രൻ കെ ആർ, കൗൺസിൽ ട്രഷറർ കുഞ്ഞമ്മദ് കൂരാച്ചുണ്ട് എന്നിവരെയും മർകസ് പ്രതിനിധികളായി അന്താരാഷ്ട്ര തലത്തിൽ ഇടപെടുന്ന മുസ്ലിം പണ്ഡിതൻ അഡ്വ. ഹുസൈൻ സഖാഫി, യെമൻ ബന്ധമുള്ള വ്യക്തിയായ ഹാമിദ് എന്നിവരെയും നയതന്ത്ര സംഘത്തിൽ ഉൾപെടുത്തണമെന്നും ആവശ്യപ്പെടും.


കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കുന്നതിനും ബ്ലഡ് മണി ചർച്ചകൾ നടത്തുന്നതിനുമാണ് സംഘത്തെ നിയോഗിക്കാൻ ആവശ്യപ്പെടുന്നത്. ആക്ഷൻ കൗൺസിൽ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.


ഈ മാസം 16നായിരുന്നു നിമിഷപ്രിയയുടെ വധശിക്ഷ നടക്കേണ്ടിയിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലിനെത്തുടർന്ന് വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. ജസ്റ്റിസ് വിക്രംനാഥാണ് കേസ് പരിഗണിക്കുക. നിമിഷപ്രിയയുടെ കുടുംബവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുവെന്ന് വാർത്തകൾ തള്ളി ഇന്നലെ തലാലിന്റെ സഹോദരൻ രംഗത്ത് വന്നിരുന്നു. കുറ്റക്കാരിയായ നിമിഷപ്രിയയെ ഇന്ത്യയിലേയും കേരളത്തിലേയും മാധ്യമങ്ങൾ പാവമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഫത്താഹ് അബ്ദുൾ മഹ്ദി വിമർശിച്ചു.

Previous Post Next Post