'വിഡി സതീശൻ ഉമ്മൻ ചാണ്ടിയെ പോലെ'; നിയമസഭയിലെ പാവപ്പെട്ടവരുടെ ശബ്ദമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനാചരണ ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കോൺഗ്രസ് നേതാക്കളെയും വാനോളം പുകഴ്ത്തി ചാണ്ടി ഉമ്മൻ. പുതുപ്പള്ളിയിൽ നടന്ന പൊതുചടങ്ങിലെ സ്വാഗത പ്രസംഗത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ പരാമർശം. കേരളത്തിന്റെ നിയമസഭയിലെ പാവപ്പെട്ടവരുടെ ശബ്ദം എന്നാണ് പ്രതിപക്ഷ നേതാവിനെ ചാണ്ടി ഉമ്മൻ വിശേഷിപ്പിച്ചത്. നിരന്തരം ആരോപണങ്ങൾ നേരിട്ടപ്പോഴും ഒരു ആരോപണം പോലും ആർക്കുമെതിരെയും ഉന്നയിക്കാത്ത വ്യക്തിയാണ് ഉമ്മൻ ചാണ്ടി. ഇത്തരത്തിൽ അധാർമികമായ ആരോപണങ്ങൾ ആർക്കെതിരെയും ഉന്നയിക്കാൻ മുതിരാത്ത വ്യക്തിയാണ് ഇന്നത്തെ പ്രതിപക്ഷ നേതാവ് എന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.


രാഷ്ട്രീയത്തിൽ സജീവമായ 52 വർഷക്കാലം കേരള ജനത ഉമ്മൻ ചാണ്ടിയെ ചേർത്തുനിർത്തി. അദ്ദേഹം മരിച്ച രണ്ട് വർഷം പിന്നിടുമ്പോഴും ജനങ്ങൾ അദ്ദേഹത്തോടൊപ്പം നിൽക്കുന്നു. കഴിഞ്ഞ 55 വർഷമായി കേരള ജനതയുടെ മനസിൽ ഉമ്മൻ ചാണ്ടിയുണ്ടെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. പിന്നാലെയായിരുന്നു കേരളത്തിലെ കോൺഗ്രസ് നേതാക്കളെയും രാഹുൽ ഗാന്ധിയെയും പുകഴ്ത്തിയുള്ള പരമാർശം. തന്റെ പിതാവിനെ അനുസ്മരിപ്പിക്കുന്ന പ്രവർത്തന ശൈലിയാണ് അദ്ദേഹത്തിന്റെ സമകാലികനായ രമേശ് ചെന്നിത്തലയ്ക്കുള്ളത് എന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടുന്നു.


പുതപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയ്ക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ പന്തലിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് മുഖ്യാതിഥി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ സി വേണുഗോപാൽ, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി രാഷ്ട്രീയ മത നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

Previous Post Next Post