കൊച്ചി: സംസ്ഥാനത്ത് തോരാതെ പെയ്യുന്ന കനത്തമഴയിൽ വ്യാപക നാശനഷ്ടം. കോഴിക്കോട് ജില്ലയിൽ നാദാപുരം, മാവൂർ, കല്ലാച്ചി മേഖലയിൽ കനത്തമഴയിൽ നിരവധി മരങ്ങളാണ് കടപുഴകി വീണത്. വൈദ്യുതി പോസ്റ്റുകൾ തകർന്നുവീണും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട് തോണി മറിഞ്ഞ് ഒരാളെ കാണാതായി. കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. ആലപ്പുഴ മാരാരിക്കുളത്ത് കനത്ത മഴയിലും കാറ്റിലും ട്രാക്കിൽ വീണ മരം നീക്കി.
കോഴിക്കോട് കല്ലാച്ചിയിൽ അനുഭവപ്പെട്ട മിന്നൽ ചുഴലിയിലാണ് വ്യാപക നാശനഷ്ടം ഉണ്ടായത്. പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീഴുകയും ചെയ്തിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് പ്രദേശത്തെ നിരവധി വീടുകൾക്കാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. മാവൂരിലും കനത്ത കാറ്റാണ് നാശനഷ്ടമുണ്ടാക്കിയത്. കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീഴുകയും വീടുകൾ തകരുകയും ചെയ്തു. ഇതിന് പുറമേ മാവൂരിൽ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. അതിനാൽ താഴ്ന്ന പ്രദേശങ്ങൡ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്.
തുടർച്ചയായി രണ്ടാം ദിവസവും വീശിയടിച്ച ശക്തമായ കാറ്റിൽ കോഴിക്കോട് നാദാപുരത്ത് വൻനാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മരങ്ങൾ കടപുഴകി വീണും വൈദ്യുതി ലൈനുകൾ തകർന്നുമാണ് ഏറെ നാശനഷ്ടങ്ങളുണ്ടായത്. ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയടിച്ചത്.
നാദാപുരം ടൗണിനോട് ചേർന്ന് സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു. ന്യൂക്ലിയസ് ഹോസ്പിറ്റൽ പരിസരത്തായിരുന്നു സംഭവം. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നാദാപുരം ആവോലം ചീറോത്ത് മുക്കിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി.
വൈദ്യുതി ലൈൻ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിന് സമാനമായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നും നാശനഷ്ടങ്ങളുണ്ടായത്. തുടർച്ചയായി ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാൽ നാട്ടുകാർ ഭീതിയിലാണ് കഴിയുന്നത്.
ഗൃഹനാഥന് ദാരുണാന്ത്യം
കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന് ദാരുണാന്ത്യം. കൂത്തുപറമ്പ് കോളയാട് തെറ്റുമ്മൽ സ്വദേശി ചന്ദ്രനാണ് (78) മരിച്ചത്. രാത്രിയുണ്ടായ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണാണ് അപകടമുണ്ടായത്.
പാലക്കാട് അഴിമുഖത്ത് തോണി മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. പാലക്കാട് ശക്തമായ കാറ്റിൽ മരം വീണ് നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.