മിഥുന്റെ മരണം; തേവലക്കര സ്‌കൂള്‍ മാനേജ്‌മെന്റ് പിരിച്ചുവിട്ടു; ഭരണം സര്‍ക്കാര്‍ ഏറ്റെടുത്തു

തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ട തേവലക്കര സ്‌കൂളിൽ വിദ്യാർഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തിൽ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തേവലക്കര സ്‌കൂളിന്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് കൈമാറി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുന്റെ ആകസ്മിക വേർപാട് കേരളത്തെയാകെ ദുഃഖത്തിൽ ആഴ്ത്തിയ സംഭവമാണ്. സംഭവവുമായി ബന്ധപ്പെട്ട് മാനേജർ കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് വരുത്തിയത്. മാനേജർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും മന്ത്രി വ്യക്തമാക്കി.


മന്ത്രിയുടെ വാർത്താസമ്മേളനത്തിന്റെ പൂർണരൂപം:


ആയിരത്തി തൊള്ളായിരത്തി അമ്പത്തിയെട്ടിലെ കേരള വിദ്യാഭ്യാസ ആക്റ്റ് സെക്ഷൻ പതിനാലിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും എയ്ഡഡ് വിദ്യാലയത്തിന്റെ മാനേജർ ഈ ആക്റ്റിനാലോ ആക്റ്റിൻ കീഴിലോ അല്ലെങ്കിൽ അതിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളാലോ ചുമത്തപ്പെട്ട കൃത്യങ്ങളിൽ വല്ലതും നിർവ്വഹിക്കുന്നതിൽ ഉപേക്ഷ കാണിച്ചിട്ടുണ്ടെന്നും പൊതുതാൽപര്യം മുൻ നിർത്തി അഞ്ച് വർഷത്തിൽ കഴിയാത്ത കാലത്തിൽ പ്രസ്തുത വിദ്യാലയത്തിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുന്നത് ആവശ്യമാണെന്ന് ഗവൺമെന്റിന് തോന്നുമ്പോഴെല്ലാം നിർദ്ദിഷ്ട കാര്യങ്ങൾക്ക് എതിരായി കാരണം ബോധിപ്പിക്കാൻ ന്യായമായ ഒരു അവസരം മാനേജർമാർക്കും ഏതെങ്കിലും വിദ്യാഭ്യാസ ഏജൻസി ഉണ്ടെങ്കിൽ ആ ഏജൻസിയ്ക്ക് നൽകുകയും എന്തെങ്കിലും കാരണം കാണിച്ചിട്ടുണ്ടെങ്കിൽ അത് പരിഗണിച്ച ശേഷം പൊതു താൽപര്യാർത്ഥം ആ കാലത്തേക്ക് അങ്ങനെ ഏറ്റെടുക്കുന്നത് ആവശ്യമാണെന്ന് ബോധ്യമായാൽ ഗവൺമെന്റിന് അങ്ങനെ ചെയ്യാവുന്നതാണ്. തേവലക്കര സ്‌കൂളിലെ അപകടമരണവുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ മാനേജരെ പിരിച്ചുവിട്ട് സ്‌കൂളിന്റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വി ശിവൻകുട്ടി അറിയിച്ചു.


സർക്കാർ ഈ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തന്നെ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു വരികയാണ്. മിഥുൻ കേരളത്തിന്റെ മകനാണ്. മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട്സ് ആന്റ് ഗെയിഡ്സ് മുഖാന്തിരം വീട് വെച്ച് നൽകുന്നതിനും ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പിഡി അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചു. കെഎസ്ഇബി അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറിക്കഴിഞ്ഞു. 10 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് സ്‌കൂൾ മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെഎസ്റ്റിഎ 10 ലക്ഷം രൂപ ധനസഹായം ഉടൻ തന്നെ കൈമാറും. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ മെയ് മാസം 13-ാം തീയതിയും 31-ാം തീയതിയും രണ്ട് സർക്കുലറുകളിലൂടെ പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌കൂൾ സുരക്ഷാ പ്രോട്ടോക്കോൾ സംബന്ധിച്ച കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടയിൽ നിരവധി യോഗങ്ങൾ എന്റെ അദ്ധ്യക്ഷതയിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലും ചേരുകയും സ്‌കൂളുകളിലെ സുരക്ഷാ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു.


എന്നിട്ടും ദാരുണമായ സംഭവം തേവലക്കര ഹൈസ്‌കൂളിൽ ഉണ്ടായി. ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂൾ സുരക്ഷ നിരീക്ഷിക്കുന്നതിനായി കൂടുതൽ നടപടികളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് കടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസം ഡിഡിഇ, എഡി, ആർഡിഡി, ഡിഇഒ, എഇഒ, വിദ്യാകിരണം-കൈറ്റ്- എസ്എസ്‌കെ ജില്ലാ കോർഡിനേറ്റർമാർ, ഡയറ്റ് പ്രിൻസിപ്പൽമാർ എന്നിവരുടെ യോഗം ചേർന്നിരുന്നു.


സ്‌കൂൾ സുരക്ഷ സംബന്ധിച്ച് നിരവധി സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കുവാൻ യോഗത്തിൽ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് രണ്ടായിരത്തി ഇരുപത്തിയഞ്ച് മെയ് 13 നും 31 നും പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ ആധാരമാക്കി വിശദമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. ജൂലൈ 29 ന് മുമ്പായി എഇഒ, ഡിഇഒ, ഡിഡി, ആർഡിഡി,എഡി ബിആർസി വഴി സ്‌കൂളുകളിൽ സന്ദർശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോർട്ട് തയ്യാറാക്കും. ജൂലൈ 31 ന് മുമ്പായി ഡിഡിമാർ, ജില്ലാ തലത്തിൽ ചെയ്യേണ്ടവ മുൻനിർത്തി അതാത് ഉദ്യോഗസ്ഥർക്ക് കത്ത് നൽകും. ഇതിന്റെ മൊത്തം റിപ്പോർട്ട് ക്രോഡീകരിച്ച് ജില്ലാ കളക്ടർമാർക്ക് നൽകും.


കോപ്പി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും നൽകണം. എല്ലാ ഡിഡിമാരും സ്‌കൂൾ സുരക്ഷാ വിഷയം ഡിഡിസിയിലെ സ്ഥിരം അജണ്ട ആക്കാൻ ജില്ലാ കളക്ടർക്ക് കത്ത് നൽകും. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസഡയറക്ടർ ജില്ലാ കളക്ടർമാർക്ക് കത്ത് നൽകും. മുഖ്യമന്ത്രി തന്നെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചെയ്തിട്ടുണ്ട്.


ജില്ലയിൽ ഡിഡിഇ., ആർഡിഡി, എഡി, ഡയറ്റ് പ്രിൻസിപ്പൽ, കൈറ്റ് ജില്ലാ ഓഫീസർ, എസ്എസ്കെ ജില്ലാ കോർഡിനേറ്റർമാർ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ 7 ടീമുകൾ ഓരോ സ്‌കൂളുകളും സന്ദർശിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ഡിഡിഇയ്ക്ക് ആവശ്യമെങ്കിൽ കൂടുതൽ ടീമുകളെ നിയോഗിക്കാം. സമ്പൂർണ്ണ പ്ലസ്സിൽ സ്‌കൂൾ സുരക്ഷ സംബന്ധിച്ച് ഒരു പേജ് തുടങ്ങും. ചെക്ക് ലിസ്റ്റിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അതിൽ ഉണ്ടാകും. സേഫ്റ്റി ഓഡിറ്റിന് ശേഷം ഹെഡ്മാസ്റ്റർ അല്ലെങ്കിൽ പ്രിൻസിപ്പൽ ഇക്കാര്യങ്ങൾ


വിശദമായി രേഖപ്പെടുത്തണം. മൂന്ന്/നാല് ജില്ലകളുടെ ചുമതല ക്യുഐപി ഡിഡിമാർക്ക് നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ ഒരു സേഫ്റ്റി സെൽ രൂപീകരിച്ചു. ഇത് പൊതുജനങ്ങൾക്ക് പരാതികളോ അറിയിപ്പുകളോ നൽകാൻ ഒരു വാട്ട്‌സ് ആപ്പ് നമ്പർ രജിസ്റ്റർ ചെയ്ത് പൊതുജനങ്ങളെ അറിയിക്കും. പിറ്റിഎ, കുട്ടികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് എന്തെങ്കിലും സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിൽ ഈ നമ്പറിൽ അറിയിക്കാം. നിലവിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ജൂലൈ 31 ന് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

Previous Post Next Post