ന്യൂഡൽഹി: ആശ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. പ്രതിമാസ ഇൻസന്റീവ് 2000 രൂപയിൽനിന്ന് 3500 രൂപയായി ഉയർത്തി. വിരമിക്കൽ ആനുകൂല്യത്തിലും വർധനവ് വരുത്തി. 20000 രൂപയായിരുന്ന വിരമിക്കൽ ആനുകൂല്യം 50000 രൂപയായാണ് ഉയർത്തിയത്. മാർച്ച് 4ന് ചേർന്ന് മിഷൻ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത് എന്ന് കേന്ദ്ര കേന്ദ്ര ആരോഗ്യ സഹമന്ത്രി പാർലമെന്റിനെ അറിയിച്ചു. എൻ കെ പ്രേമചന്ദ്രൻ എംപിക്കു നൽകിയ മറുപടിയിലാണ് കേന്ദ്രം നടപടികൾ വിശദീകരിച്ചത്.
ആശ വർക്കർമാരായി 10 വർഷം സേവനമനുഷ്ഠിച്ച ശേഷം പിരിഞ്ഞു പോകുന്നവർക്കായിരിക്കും വിരമിക്കൽ ആനുകൂല്യത്തിന്റെ ഗുണം ലഭിക്കുക. ആയുഷ്മാൻ ആരോഗ്യ മന്ദിർ പദ്ധതി പ്രകാരം ആശകൾക്ക് പ്രതിമാസം 1,000 രൂപ കൂടി നൽകുന്നുണ്ടെന്ന് കേന്ദ്രം പാർലമെന്റിനെ അറിയിച്ചു. കേന്ദ്രസർക്കാർ സാങ്കേതിക, സാമ്പത്തിക പിന്തുണ നൽകുമ്പോൾ ആശമാരുടെ സേവന സാഹചര്യങ്ങളും വേതനവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണെന്നും കേന്ദ്രം വ്യക്തമാക്കി. ആശവർക്കർമാരുടെ ഓണറേറിയും വർധിപ്പിക്കണമെന്നും 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തിൽ ആശമാർ മാസങ്ങളായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരത്തെ കുറിച്ചുള്ള എൻ കെ പ്രേമചന്ദ്രന്റെ ചോദ്യത്തിനാണ് കേന്ദ്രം കണക്കുകൾ നിരത്തി മറുപടി നൽകിയിരിക്കുന്നത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആശ വർക്കർമാർക്ക് യൂണിഫോം, ഐഡി കാർഡുകൾ, മൊബൈൽ ഫോണുകൾ, സിയുജി സിമ്മുകൾ, സൈക്കിളുകൾ, ആശ ഡയറികൾ, മരുന്ന് കിറ്റുകൾ, വിശ്രമമുറികൾ എന്നിവ ലഭ്യമാക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. കേന്ദ്രം പലവിധ നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുമ്പോഴും സംസ്ഥാനതല ഇടപെടലുകളിൽ അസമത്വം നിലനിൽക്കുന്നണ്ടെന്നും വിവിധ സംസ്ഥാനങ്ങളിലെ ഇൻസെന്റീവുകൾ ചൂണ്ടിക്കാട്ടി കേന്ദ്രം പറയുന്നു.