കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ സംസ്കാരം ഇന്ന്.
ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും 10 മണിയോടെ മൃതദേഹം സ്കൂളില്‍ എത്തിക്കും. 12 മണിവരെ സ്കൂളില് പൊതുദർശനം. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ എത്തിക്കും. തുർക്കിയിലായിരുന്ന അമ്മ സുജ രാവിലെ കൊച്ചിയിലെത്തും. 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് സുജയെത്തുക. കൊല്ലത്തെ വീട്ടിലേക്ക് എത്താന്‍ സുജക്ക് പൊലീസ് സഹായമൊരുക്കും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലാണ് സംസ്കാരം.
മിഥുൻ്റെ മരണത്തിന് ഇടയാക്കിയ വൈദ്യുതി ലൈനുകള്‍ ഇന്ന് കെഎസ്‌ഇബി നീക്കം ചെയ്യും. ഇന്നലെ ബാലവകാശ കമ്മീഷൻ ചെയർമാൻ്റെ സാന്നിധ്യത്തിൻ നടന്ന യോഗത്തിലാണ് വൈദ്യുതി ലൈൻ മാറ്റാൻ ധാരണയായത്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിർമ്മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മിഥുന് ജീവൻ നഷ്ടമായത്. കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നത്.