കൊല്ലം: ഷാർജയിൽ വിപഞ്ചികയും പിഞ്ചു കുഞ്ഞും മരിച്ച സംഭവത്തിൽ മകൾക്ക് നീതി കിട്ടണമെന്ന് അമ്മ ശൈലജ. ഭർതൃവീട്ടിൽ മകൾ കൊടിയ പീഡനമാണ് നേരിട്ടത്. വീട്ടിൽ ഒന്നും അറിയിക്കാതെ മകൾ നിശബ്ദമായി എല്ലാം സഹിക്കുകയായിരുന്നു. മകളുടെ ഭർത്താവ് നിതീഷ് നയിച്ചത് ആഡംബര ജീവിതമാണ്. ജോലി ചെയ്ത സ്ഥാപനത്തെ പോലും നിതീഷ് വഞ്ചിച്ചു. ഇക്കാര്യം കമ്പനിയെ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ മകളെ നിതീഷ് ഭീഷണിപ്പെടുത്തി. മകളുടെ ഭർത്താവിന് മറ്റൊരു ബന്ധമുണ്ടായിരുന്നു. ഇത് അറിഞ്ഞിട്ടും സ്വന്തം കുഞ്ഞിനെ ഓർത്ത് എല്ലാം സഹിക്കാൻ മകൾ തയ്യാറായി. മകളുടെ മരണത്തിൽ ദുരൂഹതകളേറെയുണ്ട്. മകളുടെ മരണം കേന്ദ്ര ഏജൻസി ഇടപെട്ട് അന്വേഷിക്കണമെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
'അവളെ കൊന്നുകളഞ്ഞില്ലേ മക്കളെ. അവൾക്ക് പ്രതികരണ ശേഷി ഉണ്ടായിരുന്നുവെങ്കിൽ പ്രതികരിക്കുമായിരുന്നില്ലേ. അവൾ അത്ര പഞ്ച പാവമാണ്. എന്നെ ഒന്നും അറിയിക്കേണ്ട എന്ന് കരുതി എല്ലാം ഒളിപ്പിച്ചുവെച്ചു. ഇത്രയും സഹിക്കുന്ന മകളാണ് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. അവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. അവനെ നാട്ടിൽ എത്തിക്കണം. അന്വേഷിച്ച് അവനെയും അവന്റെ പെങ്ങളെയും അച്ഛനെയും നാട്ടിൽ എത്തിക്കണം. തക്കതായ ശിക്ഷ നൽകണം. അരുമ കുഞ്ഞുമായി മകൾ മരിക്കണമെങ്കിൽ അവൻ അത്രത്തോളം ഉപദ്രവിച്ചിട്ടുണ്ട്. അവൻ കുഞ്ഞിനെ പോലും നോക്കില്ല. കുഞ്ഞ് കരഞ്ഞാൽ പോലും നോക്കില്ല. ഇങ്ങനെയാണോ ഒരു അച്ഛൻ ചെയ്യേണ്ടത്. എന്റെ മകളെ ഈ അവസ്ഥയിൽ ആക്കിയവരെ വെറുതെ വിടരുത്. അങ്ങേയറ്റം വരെ പോകണം. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് അവനും അവന്റെ പെങ്ങൾക്കും അച്ഛനും ശിക്ഷ മേടിച്ചുകൊടുക്കണം.'- ശൈലജ പറഞ്ഞു.
'അവൻ മകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അത് എനിക്ക് അറിയാം. അവന് നാലഞ്ചു ലക്ഷം രൂപ ശമ്പളം ഉണ്ട്. എന്റെ മകളുടെ ശമ്പളവും എടുത്തും ജീവിച്ചിട്ടും അവന് തികയുന്നില്ല. അവൻ കമ്പനിയുടെ ഷെയർ മറിച്ചുവിറ്റു. പ്രണവ് എന്ന് പറയുന്ന ഒരുത്തനുമായിട്ട്. അതും തികയാതെ വന്നപ്പോൾ എന്റെ മകൾ ചോദിച്ചു. ഈ കാശ് എന്തു ചെയ്യുന്നുവെന്ന്? അവൻ പറഞ്ഞില്ല. ഇത്രയും കിട്ടിയിട്ടും തികഞ്ഞില്ലെങ്കിൽ ഇനിയും കമ്പനിയെ വഞ്ചിക്കുന്നത് അറിഞ്ഞാൽ കമ്പനിക്ക് പരാതി നൽകുമെന്ന് മകൾ പറഞ്ഞു. നീ കമ്പനിക്ക് പരാതിപ്പെട്ടാൽ എന്റെ ജോലി പോകും. നിന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്. മകൾ ഒരുവാക്ക് പറഞ്ഞിരുന്നുവെങ്കിൽ ഞാൻ രക്ഷിച്ചേനെ. വിവാഹം കഴിച്ച അന്നുതൊട്ടെ മകളെ അവൻ ഉപദ്രവിച്ചു. എല്ലാം അവൾ ഉള്ളിൽ ഒതുക്കി. മകൾ അവനെ സ്നേഹിച്ചിട്ടേയുള്ളൂ. മകൾക്ക് ഒരു വാശിയെ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തരുത്. അച്ഛനും അമ്മയും ചേർന്ന് വളർത്തണം. അതിന് വേണ്ടി മകൾ എന്തു ത്യാഗം സഹിക്കാനും തയ്യാറായിരുന്നു. അവന് അഫയർ ഉണ്ടെന്ന് അറിഞ്ഞിട്ടും മകൾ ക്ഷമിക്കാൻ തയ്യാറായി. എങ്കിലും എന്റെ കുഞ്ഞിനെ ഒറ്റയ്ക്കാക്കി ജീവിക്കാൻ മനസില്ല എന്ന് അവൾ പറഞ്ഞു. എന്നിട്ടും അവൻ ചെയ്തു.'- വിപഞ്ചികയുടെ അമ്മ വിതുമ്പി.
അതിനിടെ, ഭർത്താവിന്റെ വീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കൊല്ലം സ്വദേശി വിപഞ്ചിക പോസ്റ്റ് ചെയ്ത കുറിപ്പും പ്രചരിക്കുകയാണ്. താൻ നേരിട്ട പീഡനങ്ങളും അപമാനവും വിവരിക്കുന്നതാണ് വിപഞ്ചികയുടെ കുറിപ്പ്. ഫെയ്സ്ബുക്കിൽ ഷെഡ്യൂൾ ചെയ്ത് പോസ്റ്റ് ചെയ്തതാണ് ഇതെന്നാണ് വിവരം.മടുത്തു എന്നെഴുതിയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
വിപഞ്ചികയുടെ ആത്മഹത്യകുറിപ്പ് പുറത്ത്
തനിക്ക് നേരിട്ട ക്രൂരതകൾ വിപഞ്ചിക സ്വന്തം കൈപ്പടയിൽ എഴുതിയ ആത്മഹത്യകുറിപ്പിൽ പറയുന്നു. സ്ത്രീധനം കുറഞ്ഞു പോയി എന്നതിന്റെ പേരിൽ ഭർതൃവീട്ടുകാർ സ്ഥിരമായി വിപഞ്ചികയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു എന്നും ഭർത്താവിന്റെ അച്ഛന്റെ ഭാഗത്ത് നിന്ന് പോലും മോശം അനുഭവം യുവതിക്കുണ്ടായതായും ഗർഭിണിയായിരിക്കുമ്പോൾ കഴുത്തിൽ ബെൽറ്റ് ഉപയോഗിച്ചു കെട്ടി വലിച്ചതായും വിപഞ്ചികയുടെ ആത്മഹത്യകുറിപ്പിൽ പറയുന്നു.
കൊലയാളിയെ വെറുതെ വിടരുത്
ഒരിക്കലും ഈ കൊലയാളിയെ വെറുതെ വിടരുത് എന്ന് പറഞ്ഞു കൊണ്ടാണ് ആത്ഹത്യ കുറിപ്പ് ആരംഭിക്കുന്നത്.
'മരിക്കാൻ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീർന്നിട്ടില്ല. തന്റെ മരണത്തിൽ ഭർത്താവ് നിതീഷ് മോഹൻ, ഭർതൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികൾ. ഭർത്താവിന്റെ പിതാവ് മോഹനൻ ആണ് രണ്ടാം പ്രതി.' എന്ന് വിപഞ്ചിക എഴുതിയ കുറിപ്പിൽ പറയുന്നു.
'കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാർ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യുന്നു. വീടില്ലാത്തവൾ, പണമില്ലാത്തവൾ, തെണ്ടി ജീവിക്കുന്നവൾ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. അച്ഛൻ എന്ന് പറയുന്നയാൾ അപമര്യാദയായി പെരുമാറി എന്ന് നിതീഷിനോട് പറഞ്ഞപ്പോൾ അയാൾക്കും കൂടി വേണ്ടിയാണു ഞാൻ നിന്നെ വിവാഹം ചെയ്തത് എന്നായിരുന്നു മറുപടി'' എന്നും കത്തിൽ യുവതി പറയുന്നു.
ഭർതൃസഹോദരി നീതു പ്രശ്നക്കാരി
ഭർതൃസഹോദരി നീതു ആയിരുന്നു ഇരുവരുടെയും ഇടയിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നത് എന്ന് കത്തിൽ ആരോപിക്കുന്നു. 'ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല. ഗർഭിണിയായി ഏഴാം മാസത്തിൽ തന്നെ നിതീഷ് വീട്ടിൽ നിന്ന് ഇറക്കി വിട്ടു. നിതീഷിനെക്കൊണ്ട് എന്നെ തല്ലിച്ചു. എന്നെ ഹോസ്റ്റലിൽ താമസിപ്പിക്കണമെന്നും, വീട്ടിൽ നിന്നും ഇറക്കി വിടണമെന്നും നീതു മെസ്സേജ് അയച്ചിരിക്കുന്നത് ഞാൻ കണ്ടു. തുടക്കത്തിൽ അച്ഛനും ഭർതൃസഹോദരി നീതുവും പറയുന്നത് കേട്ട് നിതീഷ് എന്നെ തല്ലുമായിരുന്നു. ഒരിക്കൽ നീതുവിന്റെ വാക്ക് കേട്ട് വീട്ടിൽ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേർന്ന് ഷവർമ്മ എന്റെ വായിൽ കുത്തിക്കയറ്റി. എന്റെ കൊങ്ങയിൽ (തൊണ്ട) യിൽ പിടിച്ചു നിലത്തു കിടന്ന പൊടി ഉൾപ്പെടെ വീണ്ടും വീണ്ടും കുത്തി കയറ്റി. ഗർഭിണി ആയിരുന്നപ്പോൾ അവൾക്കു വേണ്ടി എന്റെ കഴുത്തിൽ ബെൽറ്റ് ഇട്ട് മുറുക്കി വലിച്ചു. ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാൻ അനുവദിച്ചിട്ടില്ല'' എന്നും യുവതിയുടെ ആത്മഹത്യാകുറിപ്പിൽ പറയുന്നു
നിതീഷിന് നിരവധി സ്ത്രീകളുമായി ബന്ധം
''നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ട്. ഈ ബന്ധം കണ്ടെത്തിയത് മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. തന്നെ ശാരീരികമായ ഉപദ്രവിച്ച ശേഷം അബദ്ധം പറ്റിയതാണെന്ന് പറയും. അയാൾ മറ്റു സ്ത്രീകൾക്ക് പണമയച്ചു നൽകുകയും അവരുമായി മെസ്സേജ് അയക്കുന്നതും താൻ കണ്ടു പിടിച്ചിട്ടുണ്ട്. മറ്റു സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയം എന്റെ കുഞ്ഞിന് ഓർത്ത് ഞാൻ അതൊക്കെ ക്ഷമിച്ചു. പക്ഷേ, നിതീഷ് വീട്ടിൽ വരാറില്ലായിരുന്നു. എന്റെ ലോക്കറിന്റെ താക്കോൽ ഭർത്താവിന്റെ അച്ഛന്റെ കയ്യിൽ നിന്ന് വാങ്ങിയത് മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. അതിന്റെ പേരിൽ അയാൾ പട്ടിയെ പോലെ എന്നെ തല്ലി,ആഹാരം തരില്ല,നാട്ടിൽ കൊണ്ടുപോകില്ല എന്നൊക്കെ ഭീഷണിപ്പെടുത്തി'' എന്നും വിപഞ്ചിക കത്തിൽ പറയുന്നു.
അയാൾ വൈകൃതമുള്ള മനുഷ്യനാണ്
'' ഭർത്താവ് നിതീഷ് വൈകൃതമുള്ള മനുഷ്യനാണ് . കാണാൻ പാടില്ലാത്ത പല വിഡിയോകളും കണ്ട ശേഷം അത് ബെഡ് റൂമിൽ വേണമെന്ന് ആവശ്യപ്പെടും. തനിക്ക് ആവശ്യമുള്ള ഒരു സാധനങ്ങളും വാങ്ങിത്തരില്ല,തന്നെ പുറത്തു കൊണ്ട് പോകില്ല''എന്നും യുവതി കത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ട്
എന്റെ കുഞ്ഞിന്റെ ആത്മാവ് പൊറുക്കില്ല
''എന്റെ കുഞ്ഞിന്റെ ആത്മാവ് പൊറുക്കില്ല, എന്റെ കൈയ്യിലുള്അ ഒരു മാലയ്ക്ക് വേണ്ടി എന്നെ കൊല്ലാകൊല ചെയ്യുകയാണ്. ഒരുപാട് പണമുള്ള ആളുകളാണ് എന്നിട്ടും എന്റെ ചെറിയ സാലറി അവർക്ക് വേണമെന്ന വാശിയാണ്. എല്ലാം മകൾക്ക് വേണ്ടി സഹിച്ചു. സ്വന്തം ബെഡ് റൂമിലെ കാര്യം വരെ ഭർത്താവ് മറ്റൊരു സ്ത്രീയോട് പറഞ്ഞത് ഒട്ടും സഹിക്കാനായില്ല. എല്ലാവർക്കും എല്ലാം അറിയാം. ഈ ലോകം ക്യാഷ് ഉള്ളവരുടേതാണ്. ഉപദ്രവിച്ച ശേഷം കുഞ്ഞിനെ ഇല്ലാതാക്കും എന്ന ഭീഷണിപ്പെടുത്തുമായിരുന്നു'' എന്നും ആത്മഹത്യകുറിപ്പിലുണ്ട്
എല്ലാം മടുത്തു...
''പറഞ്ഞറിയിക്കാൻപറ്റാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. എന്റെ കുഞ്ഞിന് വയ്യാഞ്ഞിട്ട് പോലും അയാൾ ഇവിടെ ഇല്ല. എന്നെ മാനസിക രോഗിയാക്കാനാണ് അയാളുടെ ശ്രമം. എന്റെ ഓഫിസിൽ ഉള്ള എല്ലാവർക്കും കാര്യങ്ങൾ അറിയാം അവരെ വെറുതെ വിടരുത്''. മടുത്തു എന്ന് പറഞ്ഞാണ് വിപഞ്ചിക കത്ത് അവസാനിപ്പിക്കുന്നത്.
നോട്ട് ബുക്കിലെഴുതിയ ആറ് പേജുകളിൽ ഉള്ള ദീർഘമായ കത്ത് ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഭർത്താവ് നിതീഷ് മോഹൻ കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കളുടെ സംശയം. വിപഞ്ചികയുടെ കുഞ്ഞിന്റെയും മൃതദേഹം ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.