കണ്ണൂർ: ഗൾഫിലേക്ക് മയക്കുമരുന്ന് കടത്താൻ പുതിയ മാർഗങ്ങളുമായി ലഹരി മാഫിയ സംഘം. വിദേശത്തുള്ള ഒരാൾക്ക് നൽകാനായി ചക്കരക്കൽ കണയന്നൂർ സ്വദേശി മിഥിലാജിന് നൽകിയ പാർസലിലാണ് ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. വീട്ടിലെത്തിച്ച് നൽകിയ പ്‌ളാസ്റ്റിക്ക് ബോട്ടിലുണ്ടായിരുന്ന അച്ചാറും ചിപ്‌സും അടങ്ങിയ പാക്കറ്റിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചത്. വ്യാഴാഴ്ച്ചഗൾഫിലേക്ക് മടങ്ങാനിരുന്ന മിഥിലാജിന് കൊണ്ടുപോകുന്നതിനാണ് പൊതിയെത്തിച്ചത്.
അച്ചാറിന്റെ ചെറിയ പ്‌ളാസ്റ്റിക്ക് ബോട്ടിലിൽ 02.6 ഗ്രാം എംഡിഎംഎയും 3.04 ഗ്രാം ഹാഷിഷ് ഓയിലും ചെറിയ പ്‌ളാസ്റ്റിക് കവറിലായി ഒളിപ്പിക്കുകയായിരുന്നു. അയൽവാസിയായ ജസീനാണ് മിഥിലാജിന്റെ വീട്ടിൽ ഗൾഫിലേക്ക് കൊണ്ടുപോകുന്നതിനായി സാധനങ്ങൾ എത്തിച്ചത്. ഗൾഫിലുള്ള വഹീം എന്നയാൾക്ക കൊടുക്കാനായിരുന്നു പാർസൽ . ശീലാൽ എന്നയാൾ തന്നതാണെന്ന് പറയണമെന്നും നിർദ്ദേശിച്ചിരുന്നു. വഹീം ഇക്കാര്യം സൂചിപ്പിച്ചു മിഥിലാജിന് മെസെജും അയച്ചിരുന്നു.
സംഭവ ദിവസം മിഥിലാജ് വീട്ടിലുണ്ടായിരുന്നില്ല. പാർസൽ ഭാര്യയെ എൽപ്പിച്ച് ജസീൻ മടങ്ങി. അച്ചാർ ബോട്ടിലിൽ സ്റ്റിക്കർ കാണാത്തതിനെ തുടർന്ന് മിഥിലാജിന്റെ ഭാര്യാപിതാവ് അമീർ തുറന്ന് പരിശോധിച്ചപ്പോഴാണ് അച്ചാർ കുപ്പിക്കകത്ത് പ്‌ളാസ്റ്റിക് കവറുകൾ കണ്ടെത്തിയത്. തുടർന്ന് ചക്കരക്കൽ പൊലിസിനെ അറിയിക്കുകയായിരുന്നു. ചക്കരക്കൽ എസ്.ഐ എൻ.പി ഷാജിയും സംഘവും നടത്തിയ പരിശോധനയിലാണ് കവറിനുള്ളിൽ മയക്കുമരുന്നാണെന്ന് കണ്ടെത്തിയത്. ജസീലിനും ശ്രീലാലിനുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.