ധർമസ്ഥലയിൽ അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി; നിർണായക കണ്ടെത്തൽ?

 

ബംഗളൂരു: ധർമസ്ഥലയിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ ആറാം നമ്പർ സ്‌പോട്ടിൽ നിന്നാണ് അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയത്. മൂന്നാം ദിവസത്തെ പരിശോധനയിലാണ് നേത്രാവതി സ്‌നാനഘട്ടിനരികെയുള്ള കാടിന് സമീപത്തുനിന്ന് നിർണായകമായേക്കാവുന്ന തെളിവുകൾ ലഭിച്ചത്. എന്നാൽ ലഭിച്ച അസ്ഥികൂട ഭാഗങ്ങൾ മനുഷ്യന്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന് പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കി.


പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ 13 സ്ഥലങ്ങൾ പ്രത്യേക അന്വേഷണസംഘം അടയാളപ്പെടുത്തിയിരുന്നു. അവിടെ ചില പോയിന്റുകൡ രണ്ടുദിവസം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. ഇനിയും പോയിന്റുകളിൽ പരിശോധന ബാക്കിയുണ്ട്. എസ്‌ഐടി തലവൻ ജിതേന്ദ്ര ദയാമയും, പുത്തൂർ എസി സ്റ്റെല്ല വർഗീസും അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നു. പ്രദേശത്ത് സായുധ പൊലീസിന്റെ കാവലുമുണ്ട്.


രാജ്യത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിരുന്നു ഇത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി നടത്തിയത് സൂപ്പർവൈസറുടെ ഭീഷണിക്കു വഴങ്ങി നൂറുകണക്കിനു മൃതദേഹങ്ങൾ സംസ്‌കരിക്കേണ്ടിവന്നെന്നും, ഇതിൽ പലതും ക്രൂരബലാൽസംഗത്തിനു ശേഷം കൊലപ്പെടുത്തിയ സ്ത്രീകളുടേതും കുട്ടികളുടേതുമായിരുന്നെന്നായിരുന്നു വെളിപ്പെടുത്തൽ. തന്റെ ജീവനും അപകടത്തിലാണെന്ന് ഭയന്നാണു 2014ൽ ജോലി വിട്ടതെന്നും ശുചീകരണത്തൊഴിലാളി വിശദീകരിച്ചു. കുറ്റബോധത്തിൽ ഉറങ്ങാൻ പോലും കഴിയാത്തതിനാലാണ് ഇപ്പോൾ പരസ്യമായി പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Previous Post Next Post