'ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം', കടമക്കുടിയിലേക്ക് യാത്ര പോകുന്നതായി ആനന്ദ് മഹീന്ദ്ര; സ്വാഗതം ചെയ്ത് മുഹമ്മദ് റിയാസ്

കൊച്ചി: എറണാകുളത്തെ കടമക്കുടി ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. കടമക്കുടി ദ്വീപ് സന്ദർശനം പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കി സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പിനൊപ്പം കടമക്കുടിയുടെ മനോഹാരിത ചിത്രീകരിച്ച വിഡിയോ കൂടി ആനന്ദ് മഹീന്ദ്ര പങ്കുവെച്ചു.


'ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽപ്പെടുന്നതാണ് കടമക്കുടി. ഡിസംബറിൽ കൊച്ചിയിലേക്ക് നടത്തുന്ന ബിസിനസ് യാത്രയ്ക്കിടെ പോകാൻ ആഗ്രഹിക്കുന്ന സ്ഥലമാണിത്. ഈ ഡിസംബറിലെ തന്റെ ബക്കറ്റ് ലിസ്റ്റിൽ ഈ സ്ഥലം ഉൾപ്പെടുന്നുണ്ട്. കൊച്ചിയിൽ നിന്ന് അരമണിക്കൂർ യാത്ര മാത്രം'- ആനന്ദ് മഹീന്ദ്ര സോഷ്യൽമീഡിയയിൽ കുറിച്ചു. ഒപ്പം 'എർത്ത് വാണ്ടറർ' എന്ന പേജിൽ 'ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലങ്ങൾ' എന്ന ടാഗ് ലൈൻ ചേർത്തു പ്രസിദ്ധീകരിച്ച വിഡിയോയും പങ്കുവെച്ചു.


വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉടൻ ഇതിന് മറുകുറിപ്പിട്ടു. അവിശ്വസനീയമായ ചാരുതകളുടെയും അനുഭവങ്ങളുടെയും നാട്ടിലേക്ക് എപ്പോഴും സ്വാഗതം ആനന്ദ് ജി. കടമക്കുടിയിൽ നിങ്ങൾക്കായി ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് സംസ്ഥാന വിനോദ സഞ്ചാര ഗ്രൂപ്പിന് ഒരു പദവിയായിരിക്കും'- ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത് മുഹമ്മദ് റിയാസ് കുറിച്ചു.

Previous Post Next Post