രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും വീട്ടില്‍ ഇരുന്ന് അയക്കാം, ഹൈടെക്ക് ആകാന്‍ തപാല്‍ വകുപ്പ്

ന്യൂഡൽഹി: രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും പാഴ്സലും ഇനി മുതൽ വീട്ടിൽ ഇരുന്ന് അയക്കാം. തപാൽവകുപ്പിന്റെ ആപ്പ് ഉപയോഗിച്ച് പണമടയ്ക്കുതോടെ അതാത് പോസ്റ്റ്മാൻ വീട്ടിലെത്തി തപാൽ ഉരുപ്പടി ശേഖരിക്കും


നിലവിൽ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്‌വെയർ മാറ്റി തപാൽവകുപ്പുതന്നെ വികസിപ്പിച്ച സോഫ്റ്റ്‌വെയർ വരുന്നതോടെയാണിത് നടപ്പിലാവുക.


ആപ്പ് വരുന്നതോടെ വലിയ മാറ്റങ്ങളാണ് നടപ്പിലാകുക. രജിസ്ട്രേഡ് തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരൻ കൈപ്പറ്റിയെന്നതിന്റെ തെളിവായ അക്നോളഡ്ജ്മെന്റ് കാർഡിന് പകരം 10 രൂപ വിലയുള്ള പ്രൂഫ് ഓഫ് ഡെലിവറി (പിഒഡി) നടപ്പാക്കും.


തപാൽ ഉരുപ്പടികൾ എത്തിയതായുള്ള സന്ദേശം മേൽവിലാസക്കാരനും കൈമാറിയതായുള്ള സന്ദേശം അയച്ചയാൾക്കും കൃത്യമായി കൈമാറാനുള്ള സംവിധാനവുമുണ്ട്. ഇതിനായി രണ്ടുപേരുടെയും മൊബൈൽ നമ്പർ ഇനിമുതൽ നിർബന്ധമാക്കും. തപാൽ ഉരുപ്പടികൾ വിതരണം ചെയ്തില്ലെങ്കിൽ 'വീട്, ഗേറ്റ് അടച്ചിട്ടിരിക്കുന്നു' തുടങ്ങിയ കാരണങ്ങൾ കാണിച്ചാൽ അതിന് തെളിവായി മേൽവിലാസക്കാരന്റെ അടഞ്ഞ വീടിന്റെ ഫോട്ടോ ഡെലിവറി സ്റ്റാഫ് അപ്ലോഡ് ചെയ്യണം. കടലാസിൽ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റിൽ സിഗ്നേച്ചർ സംവിധാനത്തിലേക്കും മാറും.


മേൽവിലാസക്കാരൻ ചുമതലപ്പെടുത്തിയ ആളാണ് ഉരുപ്പടി കൈപ്പറ്റുന്നതെങ്കിൽ ആ ആളിന്റെ ഫോട്ടോയെടുക്കുന്ന രീതിയും വൈകാതെ നടപ്പിൽ വരും. ബാർകോഡ് അടിസ്ഥാനമാക്കി സാധാരണ കത്തുകളുടെ സഞ്ചാരപാത കണ്ടെത്താനുള്ള (ട്രാക്കിങ്) സംവിധാനവും ലഭ്യമാക്കും.

Previous Post Next Post