തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തെത്തുടർന്ന് കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. വൈസ് ചാൻസലർ റിപ്പോർട്ട് തേടിയതിന് പിന്നാലെ ജോയിന്റ് രജിസ്ട്രാർ പി ഹരികുമാർ അവധിയിൽ പ്രവേശിച്ചു. വിസിക്ക് മറുപടി നൽകാതെയാണ് ജോയിന്റ് രജിസ്ട്രാർ രണ്ടാഴ്ച അവധിയിൽ പോയത്. ഇന്നു രാവിലെ 9 മണിയ്ക്കകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. ജോയിന്റ് രജിസ്ട്രാർക്കെതിരെയും വിസി അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗം ബഹളത്തെത്തുടർന്ന് താൽക്കാലിക വൈസ് ചാൻസലർ ഡോ സിസ തോമസ് പിരിച്ചുവിട്ടിരുന്നു. എന്നാൽ അതിനുശേഷവും യോഗം തുടരുകയും, ജോയിന്റ് രജിസ്ട്രാർ യോഗത്തിൽ സംബന്ധിച്ചതിലുമാണ് വിസി റിപ്പോർട്ട് തേടിയത്. രജിസ്ട്രാറുടെ സസ്‌പെൻഷൻ സിൻഡിക്കേറ്റ് യോഗം പിൻവലിച്ചതും, ചട്ടവിരുദ്ധമായി ചേർന്ന യോഗത്തിന്റെ മിനുട്‌സ് അംഗീകരിച്ചതും വീഴ്ചയാണെന്നാണ് വിസിയുടെ നിലപാട്. ഇതിലാണ് ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനോട് വിസി റിപ്പോർട്ട് തേടിയത്.
സിൻഡിക്കേറ്റ് യോഗ തീരുമാനത്തിന് പിന്നാലെ, അവധിദിനമായിരുന്നിട്ടും രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു. താൻ യോഗം പിരിച്ചുവിട്ട ശേഷമുള്ള സിൻഡിക്കേറ്റിന്റെ എല്ലാ നടപടിയും അസാധുവാണെന്നും, രജിസ്ട്രാർക്കെതിരെയാ സസ്‌പെൻഷൻ നിലനിൽക്കുമെന്നുമാണ് വിസി ഡോ. സിസ തോമസ് വ്യക്തമാക്കുന്നത്. ചുമതലയേറ്റ രജിസ്ട്രാറുടെ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ വിസി, അനിൽകുമാർ ഓഫീസിലെത്തിയത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കുന്നു.
അതിനിടെ കേരള സർവകലാശാലയിൽ കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ റിപ്പോർട്ട് വിസി ഡോ. സിസ തോമസ് ചാൻസലറായ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് സമർപ്പിച്ചു. നടന്ന സംഭവങ്ങൾ വിശമാക്കിയുള്ളതാണ് റിപ്പോർട്ട്. അജണ്ടയ്ക്ക് പുറത്തേക്ക് വിഷയങ്ങൾ കൊണ്ടുപോയി. രജിസ്ട്രാറുടെ സസ്‌പെൻഷൻ പിൻവലിച്ച സിൻഡിക്കേറ്റ് തീരുമാനം ചട്ടവിരുദ്ധമാണെന്നും റിപ്പോർട്ടിൽ വിസി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിൽ രാജ്ഭവൻ വിസിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. വിസിയുടേത് നിയമപരമായ നടപടിയാണെന്നും രാജ്ഭവൻ വിലയിരുത്തുന്നു.
കേരള സർവകലാശാലയുമായി ബന്ധപ്പെട്ട വിവാദം കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. സസ്‌പെൻഷൻ സിൻഡിക്കേറ്റ് യോഗം റദ്ദാക്കിയതിനാൽ രജിസ്ടാർ വിസിയുടെ നടപടിക്കെതിരെ നൽകിയ ഹർജി പിൻവലിച്ചേക്കും. അതേസമയം താൻ പിരിച്ചുവിട്ടശേഷവും സിൻഡിക്കേറ്റ് യോഗം ചേർന്നതിനെതിരെ വിസി കോടതിയിൽ നിലപാട് അറിയിച്ചേക്കും. വിസിക്കെതിരെ ഭീഷണി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്. താൽക്കാലിക വിസി രാജാവാണെന്ന് കരുതിയാൽ, സമരത്തിന്റെ ചൂട് അറിയുമെന്നാണ് ഡിവൈഎഫ്‌ഐ പ്രസ്താവിച്ചിരിക്കുന്നത്. സർവകലാശാലയിലെത്തുന്ന വിസിയെ തടഞ്ഞ് പ്രതിഷേധിക്കാനാണ് എസ്എഫ്‌ഐയുടെ തീരുമാനം.