തിരച്ചില്‍ വൈകിപ്പിച്ചത് മന്ത്രി, രക്ഷാപ്രവര്‍ത്തനം നടത്തേണ്ടിടത്ത് നേട്ടം പ്രസംഗിച്ചു: വിഡി സതീശന്‍

കൊച്ചി : കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മന്ത്രിമാരും സർക്കാരും കാണിച്ചത് നിരുത്തരവാദപരമായ സമീപനമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രക്ഷാപ്രവർത്തനം നടത്തേണ്ട സ്ഥലത്ത് അതുചെയ്യാതെ, അവിടെ നിന്ന് ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രസംഗിക്കുകയാണ് മന്ത്രി ചെയ്ത്. മന്ത്രി വീണാ ജോർജ് വന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


ചാണ്ടി ഉമ്മൻ എംഎൽഎ അവിടെ വന്നു ബഹളം ഉണ്ടാക്കിയപ്പോഴാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. സർക്കാരിലെ ഒരാളു പോലും ദുരന്തത്തിൽപ്പെട്ട കുടുംബത്തിലെ ആരെയും വിളിച്ചിട്ടില്ല, ആശ്വസിപ്പിച്ചിട്ടില്ല. ആ അമ്മയാണ് ആ കുടുംബം നടത്തിക്കൊണ്ടുപോകുന്നത്, നഷ്ടപരിഹാരം നൽകാമെന്നു പോലും പറഞ്ഞിട്ടില്ല. മകൾക്ക് ഗുരുതരമായ അസുഖം ബാധിച്ച് സർജറിക്കായി മെഡിക്കൽ കോളജിലെത്തിയതാണ്.


വീടുപണി പോലും പൂർത്തിയാക്കാത്ത കുടുംബമാണ് ബിന്ദുവിന്റേത്. ആ കുടുംബത്തിന് മിനിമം 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ആ കുട്ടിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണം. കുടുംബത്തിലെ ഒരാൾക്ക് ജോലി കൊടുക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. വീണാ ജോർജ് ഒരുനിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാൻ അർഹയല്ല. ആരോഗ്യകേരളത്തെ മന്ത്രി വെന്റിലേറ്ററിലാക്കി. പി ആർ പ്രൊപ്പഗാണ്ട മാത്രമാണ് നടക്കുന്നത്.


കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും ഇതുതന്നെയാണ് സ്ഥിതി. മരുന്നും നൂലും പഞ്ഞി പോലുമില്ല. കോടിക്കണക്കിന് രൂപ കൊടുക്കാനുള്ളതുകൊണ്ട് മരുന്നു സപ്ലൈ പോലും നിർത്തിവെച്ചിരിക്കുകയാണ്. പാവപ്പെട്ട രോഗികൾ വരുമ്പോൾ മരുന്ന് പുറത്തേക്ക് എഴുതിക്കൊടുക്കുകയാണ്. എങ്കിൽ പിന്നെ എന്തിനാണ് സർക്കാർ ആശുപത്രിയെന്ന് വിഡി സതീശൻ ചോദിച്ചു. എന്തുകാര്യം സംഭവിച്ചാലും മന്ത്രി റിപ്പോർട്ട് തേടിക്കൊണ്ടിരിക്കലാണ്. മന്ത്രിക്ക് ലഭിച്ച റിപ്പോർട്ടുകൾ എല്ലാം സമാഹരിച്ചുവെച്ചാൽ അഞ്ചെട്ട് വോള്യമെങ്കിലും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു.


അത്രമാത്രം പ്രശ്‌നങ്ങളാണ് ഈ കാലഘട്ടത്തിൽ കേരളത്തിലുണ്ടായിരിക്കുന്നത്. ഈ വാചകമടിയും പി ആർ വർക്കും മാത്രമാണ് നടക്കുന്നത്. ലോകത്തുള്ള എല്ലാ പകർച്ചവ്യാധികളും ഇപ്പോൾ കേരളത്തിലുണ്ട്. ഇതിനെക്കുറിച്ച് പഠിക്കാനോ, ഡാറ്റ കലക്ട് ചെയ്യാനോ മന്ത്രി തയ്യാറാകുന്നില്ല. ഒരു ഗവേർണൻസ് വകുപ്പിൽ നടക്കുന്നില്ല. സർക്കാരില്ലായ്മയുടെ അവസാനത്തെ ഉദാഹരണമാണ് കോട്ടയം മെഡിക്കൽ കോളജിൽ കണ്ടത്. ആശുപത്രികളിൽ ആവശ്യത്തിന് ഉപകരണങ്ങൾ ഇല്ലെന്നാണല്ലോ ഇപ്പോൾ പറയുന്നത്. കുറേ സാധനങ്ങൾ വാങ്ങിച്ചുവെച്ചിരിക്കുന്നത് ആവശ്യമുള്ളതാണോ എന്ന് മാധ്യമങ്ങൾ അന്വേഷിക്കണം.


ആവശ്യമില്ലാതെ പല സാധനങ്ങളും വാങ്ങി വെച്ചിട്ടുണ്ട്. ഇതിനു പിന്നിലെന്താണെന്ന് അറിയാമല്ലോ?. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നു പോലും വിതരണം നടത്തിയ ആളുകളാണ്. സർക്കാരില്ലായ്മ സംസ്ഥാനത്ത് പ്രകടമാണ്. കോൺഗ്രസും യുഡിഎഫും ഇതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടു പോകും. ആരോഗ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയാണ്. മുഖ്യമന്ത്രി പതിവുപോലെ മൗനത്തിലാണല്ലോ. നിലമ്പൂർ ഇലക്ഷൻ കഴിഞ്ഞശേഷം അദ്ദേഹം ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ആവശ്യമുള്ള സമയത്ത് മിണ്ടാതിരിക്കുന്നത് ഒരു കൗശലമായി എടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Previous Post Next Post