കൊച്ചി: ആഭിചാരവും അനാചാരവും തടയുന്നതിനുള്ള ബില്‍ പരിഗണനയിലാണെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ. പുതിയ നിയമത്തിന്റെ സാധ്യത പരിശോധിച്ചുവരികയാണ്. സാങ്കേതികമായ ചില പ്രശ്‌നങ്ങള്‍ കാരണമാണ് കാലതാമസം നേരിടുന്നതെന്നും സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു. എന്താണ് ഇതിനുള്ള തടസ്സങ്ങളെന്ന് വിശദീകരിച്ച് അധിക സത്യവാങ്മൂലം നൽകാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
നേരത്തെ ഈ കേസ് പരിഗണിക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു ബില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. തേത്തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കേരള യുക്തിവാദിസംഘം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്, സംസ്ഥാന സര്‍ക്കാരിനുവേണ്ടി ആഭ്യന്തര ജോ.സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ ഈ നിയമവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തിരുന്നുവെന്ന് സൂചിപ്പിച്ചിരുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലത്തിലാണ് അന്ധവിശ്വാസത്തിനെതിരായ നിയമനിർമ്മാണം സജീവ പരിഗണനയിലാണെന്ന് വ്യക്തമാക്കിയത്. സജീവ പരിഗണന എത്രകാലത്തേക്കാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. കൃത്യമായ സമയപരിധി അറിയിക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. നിയമപരവും ഭരണഘടനാപരവുമായി ചില പ്രശ്നങ്ങൾ ഉള്ളതായും സർക്കാർ അറിയിച്ചു.
ഇക്കാര്യങ്ങൾ വിശദീകരിച്ച് അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കേസ് ഓഗസ്റ്റ് അഞ്ചിന് പരിഗണിക്കാനായി കോടതി മാറ്റി. അതിനകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം. ഇന്ത്യയില്‍ അന്ധവിശ്വാസ ചൂഷണത്തിനെതിരേയുള്ള കേന്ദ്രനിയമം ഇല്ലാതിരിക്കെ ഈ വിഷയത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായ നിയമങ്ങള്‍ പാസാക്കപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മാത്രമാണ് അന്ധവിശ്വാസത്തിനെതിരേ കുറച്ചെങ്കിലും നിയമം ഉള്ളത്. ഝാര്‍ഖണ്ഡ്, ബിഹാര്‍, ഒഡിഷ, രാജസ്ഥാന്‍, അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ആഭിചാരത്തിനും ദുര്‍മന്ത്രവാദത്തിനുമെതിരെ നിയമങ്ങള്‍ നിലവിലുണ്ട്.