കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. സ്‌കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ലെങ്കിൽ പിന്നെ ചർച്ച എന്തിനാണെന്ന് സമസ്ത മുഷാവറ അംഗം ഉമർ ഫൈസി മുക്കം ചോദിച്ചു. മുസ്ലീം സമുദായത്തെ അവഗണിച്ച് ഒരു സർക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സർക്കാർ ചർച്ചയ്ക്ക് വിളിച്ചാൽ പോകുമെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. 'ചർച്ച ചെയ്താൽ അതിന്റെതായ ഫലം ഉണ്ടാകും. മനുഷ്യന്മാർ മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നത് ഗുണം ചെയ്യുമല്ലോ. എല്ലാ ഗവണ്മെന്റുകളും അങ്ങനെയല്ലേ ചെയ്യുക?. മുസ്ലീം സമുദായത്തൈ അവഗണിച്ച് ഒരു സർക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യം സമുദായ സംഘടനകൾ നോക്കണ്ടെന്ന് മന്ത്രി പറഞ്ഞാൽ ജനങ്ങളെ വിരട്ടാൻ മന്ത്രി നോക്കേണ്ടെന്ന് ഞങ്ങൾക്കും പറയാം' - ഉമർ ഫൈസി പറഞ്ഞു.
അതേസമയം, സ്‌കൂൾ സമയത്തിന്റെ കാര്യത്തിൽ സർക്കാർ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിദ്യാഭ്യാസവും മതവുമായി കൂട്ടി കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പയ്യാമ്പലം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിദ്യാഭ്യാസ നിയമത്തിന് അനുസരിച്ചാണ് സർക്കാർ സ്‌കൂളിലെ പഠന സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. സമസ്തയ്ക്ക് ഈ കാര്യത്തിൽ അവരുടെ അഭിപ്രായം പറയാം. സർക്കാർ ചർച്ചയ്ക്കു തയ്യാറാണെന്നും ശിവൻകുട്ടി പറഞ്ഞു.ഈ വിഷയം സംസാരിക്കുന്നതിനായി സമസ്തയുടെ നേതാവായ ജിഫ്രി തങ്ങളെ ഫോണിൽ വിളിച്ചിരുന്നു. സ്‌കൂൾ സമയമാറ്റത്തിലുള്ള ആശങ്കൾ ചർച്ച ചെയ്യാമെന്നാണ് പറഞ്ഞത്. സമസ്തയെ ഈ കാര്യത്തിൽ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ശിവൻകുട്ടി പറഞ്ഞു.