ഫ്ലോറിഡ: 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തി. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് മൂന്നുമണിയോടെ അമേരിക്കൻ തീരത്ത് തെക്കൻ കാലിഫോർണിയിലെ പസഫിക് സമുദ്രത്തിലാണ് ഡ്രാഗൺ പേടകം വന്നിറങ്ങിയത്. യുഎസ് നാവികസേന പേടകം വീണ്ടെടുത്ത് കപ്പലിൽ കരയിലെത്തിക്കും. ഉടൻ തന്നെ ശുഭാംശുവിനെയും സംഘത്തെയും ഹൂസ്റ്റണിലെ ജോൺ സ്‌പേസ് സെന്ററിലേക്ക് കൊണ്ടുപോവും. അവിടെ ഒരാഴ്ച മെഡിക്കൽ വിദഗ്ധരുടെ നിരീക്ഷണത്തിൽ യാത്രികർ താമസിക്കും.
ഇതിനുശേഷമാകും ബഹിരാകാശ യാത്രികരെ പുറത്തേക്ക് വിടൂ. തുടർന്ന് ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തും. ആക്‌സിയം 4 പേടകത്തിൽ സഹയാത്രികരായ പെഗ്ഗി വിറ്റ്‌സൻ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരും ശുഭാംശുവിനൊപ്പം ഉണ്ടായിരുന്നു.
ഇവരെ വഹിച്ചുള്ള ക്രൂ ഡ്രാഗൺ പേടകം ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 4.45നാണ് ബഹിരാകാശനിലയത്തിൽനിന്ന് അൺഡോക്ക് ചെയ്തത്. ആശയവിനിമയത്തിലെ തകരാർ കാരണം 10 മിനിറ്റ് താമസിച്ചാണ് പ്രക്രിയ പൂർത്തിയാക്കിയത്.
പൂർണമായും സ്വയംനിയന്ത്രിതമായിരുന്നു ഡ്രാഗണിന്റെ തുടർന്നുള്ള സഞ്ചാരം. 22 മണിക്കൂറോളം ഭൂമിയെ വലംവച്ച ശേഷമായിരുന്നു പേടകം ഭൗമാന്തരീക്ഷത്തിലേക്ക് കടന്നത്. ശുഭാംശുവിന്റെ ബഹിരാകാശ യാത്രയ്ക്കായി 550 കോടി രൂപയാണ് ഇന്ത്യ ചെലവിട്ടത്. ബഹിരാകാശത്ത് എത്തിയ രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു. രാജ്യത്തിന്റെ സ്വപ്നപദ്ധതികളായ ഗഗൻയാൻ (2027), ഭാരതീയ അന്തരീക്ഷ് ഭവൻ സ്‌പേസ് സ്റ്റേഷൻ എന്നിവയിൽ ശുഭാംശുവിന്റെ അനുഭവങ്ങൾ നിർണായകമാകും.
ജൂൺ 26നാണ് ആക്‌സിയം4 ദൗത്യ സംഘത്തിനൊപ്പം ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിലെത്തിയത്. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനാണ് യുപി സ്വദേശിയായ ശുഭാംശു. ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അറുപതോളം പരീക്ഷണങ്ങൾ സംഘം പൂർത്തീകരിച്ചു. ഏഴെണ്ണം ഐഎസ്ആർഒയുടേതാണ്. വിത്തുമുളപ്പിക്കൽ, അസ്ഥികളുടെയും പേശികളുടെയും ബഹിരാകാശത്തെ പ്രവർത്തനം, മൈക്രോആൽഗകൾ ഗുരുത്വാകർഷണമില്ലായ്മയോട് എങ്ങനെ പ്രതികരിക്കുന്നു തുടങ്ങി ഐഎസ്ആർഒയ്ക്കുവേണ്ടി ഏഴ് പരീക്ഷണങ്ങൾ ശുഭാംശു ബഹിരാകാശ നിലയത്തിൽ പൂർത്തിയാക്കിയെന്ന് ഐഎസ്ആർഎ അറിയിച്ചു.