തിരുവനന്തപുരം: ഇനിമുതൽ ഒരിടത്തും ചെയർമാൻ ഇല്ല, ചെയർപേഴ്സൺ മാത്രമാകും ഉണ്ടാവുക. ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനും ലിംഗ വിവേചനം ഒഴിവാക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന തുടർച്ചയായ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ഉദ്യോഗസ്ഥ ഭരണപരിഷ്കാര (മാതൃഭാഷ) വകുപ്പാണ് ചെയർമാൻ എന്ന പദം ഒഴിവാക്കി ചെയർപേഴ്സൺ ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു കൊണ്ട് കഴിഞ്ഞദിവസം സർക്കുലർ പുറത്തിറക്കിയത്. ഇക്കാര്യത്തിന് നിയോഗിച്ച ഭാഷ വിദഗ്ധരുടെ സമിതിയുടെ ശുപാർശ പ്രകാരമാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ലിംഗ സമത്വം ഉറപ്പാക്കുന്നതിന് വേണ്ടി ലിംഗ നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കണമെന്ന നിർദ്ദേശം വളരെ മുൻപുതന്നെ ഉയർന്നുവന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ വനിതകളായിരുന്നു പ്രധാനമായും ഈ ആവശ്യം മുന്നോട്ടുവച്ചത്.
ഭരണതലത്തിൽ ലിംഗ നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സർക്കാർ അപേക്ഷ ഫോമുകളിൽ അപേക്ഷകൻ എന്നത് മാത്രം ഉണ്ടായിരുന്നത് മാറ്റി അപേക്ഷക എന്നുകൂടി ചേർക്കണമെന്ന നിർദ്ദേശം വളരെ മുൻപുതന്നെ സർക്കാർ പുറത്തിറക്കിയിരുന്നു. അതുപോലെ സർക്കാറിന് സമർപ്പിക്കുന്ന അപേക്ഷ ഫോമുകളിൽ അവൻ/ അവൻ്റെ എന്നതിന് ഒപ്പം അവൾ/അവളുടെ എന്നുകൂടി ചേർക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനത്തിന് അന്ന് വ്യാപകമായ സ്വീകാര്യത കിട്ടുകയുണ്ടായി. ഇതിൻ്റെ കൂടെ പശ്ചാത്തലത്തിലാണ് സർക്കാരിൻ്റെ പുതിയ തീരുമാനം.
ലിംഗ നിഷ്പക്ഷ പദങ്ങൾ ഭരണ തലത്തിൽ വ്യാപകമായി ഉപയോഗിക്കേണ്ടതാണെന്ന് സംസ്ഥാന സർക്കാരിന്റെ ജെൻഡർ കൺസൾട്ടൻ്റായ ടി കെ ആനന്ദി ചൂണ്ടിക്കാട്ടി. "ചെയർമാൻ എന്നതിനുപകരം ചെയർപേഴ്സൺ എന്ന് ഉപയോഗിക്കണമെന്ന് ആദ്യമായി ചൂണ്ടിക്കാണിച്ചത് തെരഞ്ഞെടുക്കപ്പെട്ട വനിത പ്രതിനിധികൾ തന്നെയാണ്. വനിതകൾ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ എത്തുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇപ്പോഴും പലയിടത്തും അവരെ ചെയർമാൻ എന്ന് തന്നെയാണ് എഴുതുന്നതും വിശേഷിപ്പിക്കുന്നതും. ഈ പശ്ചാത്തലത്തിലാണ് ചെയർപേഴ്സൺ എന്ന വാക്ക് ഉപയോഗിക്കണമെന്ന് അവർ ആവശ്യപ്പെട്ടത്."
ഈ തീരുമാനത്തിന് തുടർച്ചയായി പോഷ് ആക്ട് ഉൾപ്പെടെയുള്ള നിലവിലെ നിയമങ്ങളിലും പുതുതായി വരുന്ന നിയമനിർമ്മാണങ്ങളിലും ലിംഗ നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കണമെന്ന് അവർ ചൂണ്ടിക്കാട്ടി.
"കഴിയുന്നിടത്തെല്ലാംഅവൻ/അവന്റെ എന്നതിനൊപ്പം അവൾ/അവളുടെ എന്നുകൂടി ചേർക്കണമെന്ന് തീരുമാനമെടുക്കാവുന്നതാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ അവൻ/അവൻ്റെ എന്നതിനു മുൻപേ കൊടുക്കേണ്ടത് അവൾ/അവളുടെ എന്നീ പദങ്ങളാണ്. ഉദാഹരണത്തിന് ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമം. ഗാർഹിക തൊഴിലാളികളിൽ സിംഹഭാഗവും സ്ത്രീകളാണ്. സ്വാഭാവികമായും അവൻ/അവൾ എന്നതിനു പകരം അവൾ/അവൻ എന്നു കൊടുക്കുന്നതായിരിക്കും ഉചിതം. ഇക്കാര്യത്തിൽ സർക്കാർ നിയമ ഭേദഗതി കൊണ്ടുവരുന്നുണ്ട്," ആനന്ദി പറഞ്ഞു.
ഭരണരംഗത്ത് ലിംഗ വിവേചനം ഒഴിവാക്കാനും ഔദ്യോഗിക ആശയവിനിമയങ്ങളിൽ ലിംഗ നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കാനും സർക്കാർ മുൻപുതന്നെ തീരുമാനിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് വ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരുന്നത്.