കോഴിക്കോട് : പന്തീരാങ്കാവ് ബാങ്ക് കവർച്ചക്കേസിൽ പ്രതി ഒളിപ്പിച്ച പണം കണ്ടെത്തി. ഒളിച്ച് സൂക്ഷിച്ച 39 ലക്ഷം രൂപയാണ് കണ്ടെടുത്തത്. മുഖ്യപ്രതി ഷിബിൻലാലിന്റെ വീടിന് 500 മീറ്റർ മാറി പറമ്പിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെടുത്തത്.
പ്രതി ഷിബിൻലാലുമായി നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തുന്നത്. ഷിബിൻലാലിനെ പിടികൂടുമ്പോൾ കയ്യിൽ നിന്നും ഒരു ലക്ഷം രൂപ മാത്രമേ പിടികൂടാൻ സാധിച്ചിരുന്നൂള്ളൂ. പണം അടങ്ങിയ ബാഗ് കരിമ്പാല സ്വദേശിയായ ഒരാൾക്ക് കൈമാറിയെന്നും, തന്റെ കയ്യിൽ ഇത്രയും പണം മാത്രമേ ഉള്ളൂവെന്നുമാണ് ഷിബിൻലാൽ പൊലീസിന് മൊഴി നൽകിയിരുന്നത്.
പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി ഷിബിൻ ലാലിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അവശേഷിച്ച പണം കൂടി കണ്ടെത്താൻ സാധിച്ചത്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജൂൺ ആദ്യവാരത്തിലായിരുന്നു ബാങ്ക് കവർച്ച നടന്നത്.
മറ്റൊരു ബാങ്കിൽ പണയം വെച്ച സ്വർണം മാറ്റി പണയം വെക്കാൻ ഇസാഫ് ബാങ്കിനെ സമീപിക്കുകയായിരുന്നു. തുടർന്ന് ഇസാഫ് ബാങ്ക് ജീവനക്കാർ 40 ലക്ഷം രൂപയുമായി സ്വകാര്യ ബാങ്കിലേക്ക് എത്തിയ സമയത്ത്, ബാങ്ക് ജീവനക്കാരന്റെ കയ്യിൽ നിന്നും പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് സ്വന്തം സ്‌കൂട്ടറിൽ കടന്നു കളഞ്ഞത്.