കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചർച്ച പുരോഗമിക്കുകയാണെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി യെമനിൽ ചർച്ചകൾ നടക്കുകയാണെന്നും ദയാധനം സ്വീകരിക്കാൻ കുടുംബം തയ്യാറായാൽ മാത്രമേ നീക്കം വിജയിക്കുകയുള്ളുവെന്നും കാന്തപുരം പറഞ്ഞു.
യെമനിൽ ഒരു പെൺകുട്ടിയെ തൂക്കിക്കൊല്ലാൻ തീരമാനിച്ചപ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ലെങ്കിലും അവിടുത്തെ പണ്ഡിതൻമാരുമായി ബന്ധപ്പെട്ടതായി കാന്തപുരം പറഞ്ഞു. 'ഇസ്ലാമിൽ കൊല്ലുന്നതിന് പകരം ചില പ്രായശ്ചിത്തങ്ങൾ ചെയ്യാൻ മതം അനുവദിക്കുന്നുണ്ട്. അക്കാര്യം അവിടെയുള്ളയുള്ള ആളുകളെ ബന്ധപ്പെട്ട് ജഡ്ജിമാരോടും കുടുംബങ്ങളോട് സംസാരിക്കുകയും ചെയ്തു. അതിന്റെ ചർച്ച അവിടെ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ടയാളുടെ കുടുബക്കാർ മുഴുവൻ സമ്മതിക്കാതെ വിട്ടുകൊടുക്കാൻ കോടതിക്ക് അധികാരമില്ല. വീട്ടുകാർ മുഴുവൻ സമ്മതിക്കുന്നതിനായുള്ള ചർച്ചകളാണ് നടക്കുന്നത്. നമ്മുടെ വാക്കുകൊണ്ട് ഇസ്ലാംമതത്തിൽ അങ്ങനെയൊരു സൗകര്യമുണ്ടെന്നും ഇസ്ലാം ഒരു വർഗീയവാദത്തിന്റെ മതമല്ലെന്നും ലോകത്തിന് പഠിപ്പിച്ചുകൊടുക്കലും ജനങ്ങൾക്ക് നന്മ ചെയ്യാൻ ശ്രമിക്കലും ഞങ്ങളുടെ കർത്തവ്യമാണ് എന്ന നിലയ്ക്കാണ് ഞാൻ വിഷയത്തിൽ ഇടപെട്ടിട്ടുള്ളത്' കാന്തപുരം പറഞ്ഞു.
നിമിഷയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം ഇതുവരെ യമന്റെ ചുമതലയുള്ള സൗദി എംബസിയോ ഇന്ത്യൻ വിദേശ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല. വധശിക്ഷാ തീയതി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി പ്രോസിക്യൂഷൻ മേധാവിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. യമനിൽ മോചന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോമാണ്. വധശിക്ഷ മാറ്റിവയ്ക്കണമെന്ന് സാമുവലും അപേക്ഷ നൽകിയിട്ടുണ്ട്. തന്റെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര സർക്കാരിനോടും പ്രധാനമന്ത്രിയോടും നിമിഷപ്രിയ അഭ്യർഥിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.
പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷ യമനിൽ നഴ്‌സായായിരുന്നു. ക്ലിനിക്ക് തുടങ്ങാൻ പങ്കാളിയായ യമൻ പൗരൻ തലാൽ അബ്ദുമഹദിയെ നിമിഷയും ഹനാൻ എന്ന സഹപ്രവർത്തകയും ചേർന്ന് 2017 ജൂലൈ 25ന് കൊലപ്പെടുത്തിയെന്നാണ് കേസ്.